വയനാട്: കേരള കർണാടക അതിർത്തിയായ ബാവലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മടിക്കേരി ചേരമ്പന സ്വദേശി കോട്ടൂർ ഷംസുദ്ദീൻ എം എച്ച് (25) ആണ് മരിച്ചത്. ബാവലി ചെക്ക്പോസ്റ്റിൽ മിനിലോറിയിൽ വീട്ടിത്തടി കടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഷംസുദ്ദീന്‍.
ബാവലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വീട്ടിത്തടി കടത്താൻ ശ്രമിച്ച മടിക്കേരി സ്വദേശി
മടിക്കേരി ചേരമ്പന സ്വദേശി കോട്ടൂർ ഷംസുദ്ദീൻ എം എച്ചിന്‍റെ മൃതദേഹമാണ് ബാവലി പുഴയില്‍ കണ്ടെത്തിയത്. വീട്ടിത്തടി കടത്താന്‍ ശ്രമിച്ച ഇയാളെ വനപാലകര്‍ പിന്തുടരുന്നതിനിടെ അപകടം സംഭവിച്ചതായാണ് സൂചന
വനപാലകർ പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ട ഷംസുദ്ദീന്‍ ബാവലി പുഴ കടക്കാനുള്ള ശ്രമത്തിനിടയിൽ പുഴയില്‍ അകപ്പെട്ടതായാണ് സൂചന. ഇദ്ദേഹത്തിന്‍റെ മൃതദേഹം ബാവലി പാലത്തിന് സമീപം പുഴയിൽ ഇന്ന് (ഒക്‌ടോബര്‍ 22) രാവിലെയാണ് കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് വനം വകുപ്പ് വീട്ടിത്തടികൾ പിടികൂടിയത്.
വാഹനത്തിൽ ഉണ്ടായിരുന്ന മടിക്കേരി സ്വദേശി ഷാനിദ്, കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അബ്‌ദുള്ള എന്നിവരെ കർണാടക വെള്ള റെയ്ഞ്ച് ഓഫിസർ മധുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്ന് ഓടിച്ചതിനാലാണ് യുവാവ് പുഴയിൽ ചാടിയതെന്നും നാട്ടുകാരിൽ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.