കല്പറ്റ:ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തന രീതിയെ ചൊല്ലി വയനാട്ടിലെ എന്‍ഡിഎയില്‍ കലഹം. വയനാട്ടിലെ എന്‍ഡിഎയുടെ പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്‍റും എസ് എന്‍ഡിപി യോഗം അസിസ്റ്റന്‍റ് സെക്രട്ടറിയുമായ എന്‍ കെ ഷാജി രംഗത്തെത്തി.
വയനാട്ടില്‍ എന്‍ഡിഎയില്‍ കലഹം - തുഷാർ വെള്ളാപള്ളി
വയനാട് മണ്ഡലത്തിലെ എന്‍ഡിഎയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ്. ജില്ലാ പ്രസിഡന്‍റിന്‍റെ ആരോപണത്തെ തള്ളി സംസ്ഥാനാധ്യക്ഷന്‍
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഐക്യമുണ്ടായിരുന്നില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തെ ബിജെപി പൂര്‍ണമായും അവഗണിച്ചെന്നും എന്‍ കെ ഷാജി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനുള്ള തീരുമാനം ദേശീയ നേതൃത്വത്തിന്‍റെ അഭ്യര്‍ഥന മാനിച്ചായിരുന്നു. എന്നാല്‍ പ്രചാരണത്തില്‍ ബിജെപി തണുപ്പന്‍ മട്ട് സ്വീകരിച്ചത് തിരിച്ചടിയായി. കേരളത്തിലാകെയുള്ള എന്‍ഡിഎയുടെ പ്രവര്‍ത്തനം തൃപ്തികരമായില്ലെന്നും എന്‍ കെ ഷാജി ആരോപിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തിന് കൈമാറിയെന്നും ഷാജി പറഞ്ഞു.
എന്നാല്‍ ആരോപണങ്ങളെ തള്ളി എസ്എന്‍ഡിപി യോഗം അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. വയനാട് മണ്ഡലത്തിലെ പ്രവര്‍ത്തനത്തെ കുറിച്ച് സംഘടനക്ക് പരാതിയൊന്നുമില്ലെന്നും ആരോപണമുന്നയിച്ച ജില്ല പ്രസിഡന്‍റിനെതിരെ നടപടിയെടുക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.