ഷുക്കൂർ വധക്കേസിലെ സിബിഐ കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പി. ജയരാജനെയും ടി.വി രാജേഷിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു. കൂത്ത് പറമ്പ് വെടിവയ്പ്പിൽ കമ്മീഷന്‍റെ പരാമർശമുണ്ടായപ്പോൾ എം വി രാഘവനെ നിയമസഭയിൽ കയറാൻ അനുവദിക്കാതിരുന്നവരാണ് ഇന്ന് ടി.വി രാജേഷിനെ നിയമസഭയിൽ ആനയിച്ച് ഇരുത്തിയതെന്നും ബെന്നി ബെഹന്നാൻ കുറ്റപ്പെടുത്തി.
പി ജയരാജനെയും ടി.വി രാജേഷിനെയും അറസ്റ്റ് ചെയ്യണം; ബെന്നി ബെഹന്നാന്‍
സർക്കാരിനെതിരെ യുഡിഎഫിന്‍റെ 'പാഴായിപ്പോയ 1000 ദിനങ്ങൾ' ക്യാമ്പയിൻ.
ഷുക്കൂർ വധക്കേസിൽ യുഡിഎഫിന്‍റെ കാലത്തെ കണ്ടെത്തലുകൾ തന്നെയാണ് സിബിഐ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് പാഴായിപ്പോയ 1000 ദിനങ്ങൾ എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കും. സർക്കാരിന്‍റെ സമീപനം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ വിമര്‍ശിച്ചു.
2012 ഫെബ്രുവരി 20നാണ് പട്ടുവം അരിയിലിലെ എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഎം നേതാക്കളായ പി. ജയരാജന്‍റെയും, ടി.വി രാജേഷിന്‍റെയും വാഹനം ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഷുക്കൂര്‍ വധിക്കപ്പെടുന്നത്. ചെറുകുന്ന് കീഴറയില്‍ വച്ച് ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് ആരോപണവുമുണ്ടായിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിനെതിരെ കൊലക്കുറ്റവും ചുമത്തി. കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പുതിയ വകുപ്പുകള്‍ കൂടി ചുമത്തിയത്. ഐപിസി സെക്ഷന്‍ 320,102 ബി വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ നടത്തിയ തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് പുതിയ വകുപ്പുകള്‍ ചുമത്തിയത്.