തൃശൂർ :തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതി പിടിയിലായി. തൃശ്ശൂർ, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ന് രാവിലെ പുതുക്കാടിന് സമീപം ആമ്പല്ലൂരില്‍ ദേശീയ പാതയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
ഛത്തീസ്‌ഗഡ് സ്വദേശികളാണ് ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. പുതുക്കാട് പൊലീസ് വിശദമായി ഇവരെ ചോദ്യം ചെയ്യുകയാണ്. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ ദീപക് കുമാറും (20) പതിനാറുകാരിയും ബുധനാഴ്‌ച (12.07.23) രാത്രിയാണ് തൃശൂരില്‍ ട്രെയിൻ ഇറങ്ങിയത്. റെയില്‍വേ സ്റ്റേഷനില്‍ ഇവരെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടതിനാൽ റെയില്‍വേ ജീവനക്കാർ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും അത് വഴി ചൈല്‍ഡ് ലൈൻ പ്രവർത്തകർ റെയില്‍വേ സ്റ്റേഷനിലെത്തുകയും ചെയ്‌തു.
തുടർന്ന് ചൈല്‍ഡ് ലൈൻ ഓഫീസിലെത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്‌തിരുന്നു. യുവാവിന്‍റെ കൈവശം ആധാർ കാർഡുണ്ടായിരുന്നെങ്കിലും പെൺകുട്ടിക്ക് തിരിച്ചറിയല്‍ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനിടെ പെൺകുട്ടിയുടെ വീട്ടില്‍ ഫോൺ ചെയ്‌ത് വിവരം അറിയിച്ചപ്പോൾ അഞ്ച് ദിവസം മുൻപ് നാടുവിട്ടതാണെന്ന് വിവരം ലഭിച്ചു.
പൊട്ടിയ കുപ്പിയുമായി ആക്രമിക്കാൻ ശ്രമം : തുടർന്ന് വീട്ടുകാർ എത്തുന്നത് വരെ ചൈല്‍ഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലും പിന്നീട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലും പെൺകുട്ടിയെ വിടാനായിരുന്നു തീരുമാനം. എന്നാൽ, അന്വേഷണങ്ങൾക്കിടെ ശിശുക്ഷേമ സമിതി ഓഫീസിന് പുറത്തു നിർത്തിയിരുന്ന യുവാവ് പൊട്ടിച്ചെടുത്ത കുപ്പിയുമായി വന്ന് ശിശുക്ഷേമ സമിതി പ്രവർത്തകരെ ആക്രമിച്ച് പെൺകുട്ടിയുമായി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ചൈല്‍ഡ് ലൈൻ പ്രവർത്തകയ്‌ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.