തൃശൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വീണ്ടും വിവാഹം നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഡ്വാൻസ് ബുക്കിങ് പ്രകാരമാണ് വിവാഹ ചടങ്ങുകൾ പുനരാരംഭിക്കുക. ബുക്കിങ് ഇന്ന് മുതല്‍ പടിഞ്ഞാറെ നടയിലെ വഴിപാട് കൗണ്ടറിലും ഗൂഗിൾഫോം വഴി ഓൺലൈനായുമാണ് സ്വീകരിക്കുക. നാളെ മുതൽ തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് നിർത്തിവെച്ചിരുന്ന വിവാഹങ്ങൾ നടത്തും. ബുക്കിങ്ങ് ചെയ്യുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ എന്നും നിർദേശമുണ്ട്. വധൂവരന്മാരും ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ അടക്കം ഒരു വിവാഹ ചടങ്ങിൽ പരമാവധി 12 പേർ മാത്രമേ പങ്കെടുക്കാവൂ. പങ്കെടുക്കുന്നവരുടെ ഫോട്ടോ, ഐഡി കാർഡ്, അഥവാ ആധാർ കാർഡ് അടക്കമുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വിവാഹ തിയതിയ്‌ക്ക് 24 മണിക്കൂർ മുമ്പെങ്കിലും വഴിപാട് കൗണ്ടർ വഴിയോ 48 മണിക്കൂർ മുമ്പ് ഓൺലൈനായോ ഹാജരാക്കണം.
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വീണ്ടും വിവാഹം നടത്താം - advance booking guruvayur
വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് ഇന്ന് മുതല്‍ പടിഞ്ഞാറെ നടയിലെ വഴിപാട് കൗണ്ടറിലും ഗൂഗിൾഫോം വഴി ഓൺലൈനായും നടത്തും.
ഒരു ദിവസം പരമാവധി 40 വിവാഹങ്ങൾ വരെയാണ് നടത്തുക. ബുക്കിങ്ങ് നേരത്തെ ചെയ്‌ത് റദ്ദാക്കാതെ ഉള്ളവരും ബുക്കിങ് തുക റീഫണ്ട് വാങ്ങാത്തവരും മുൻ ബുക്കിങ് പ്രകാരം വിവാഹം നടത്തണമെങ്കിൽ ഇത് രേഖാമൂലം അറിയിച്ച് ബുക്കിങ് പുതുക്കേണ്ടതാണ്. നിശ്ചയിക്കപ്പെട്ട സമയത്തിന് കൃത്യം 20 മിനിറ്റ് മുമ്പ് മാത്രം വിവാഹപാർട്ടികൾ റിപ്പോർട്ട് ചെയ്യണം. സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള കൊവിഡ് പ്രോട്ടോകോളും ദേവസ്വം/ പൊലീസ് എർപ്പെടുത്തിയ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.