തൃശൂര്‍:വിഷുപുലരിയില്‍ ഗുരുവായൂര്‍ ഉണ്ണിക്കണ്ണനെ കണികാണാന്‍ എത്തിയത് പതിനായിരങ്ങൾ. രണ്ട് വർഷം നീണ്ട കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തിലെ ആദ്യ വിഷുവായതിനാലാണ് ഭക്തര്‍ ഇവിടേക്ക് ഒഴുകിയെത്തിയത്. വിഷു ദിനത്തില്‍ കണ്ണനെ കണികണ്ടാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം നിലനില്‍ക്കുമെന്നാണ് വിശ്വാസം.
മണിക്കൂറുകളുടെ കാത്തിരിപ്പ്, ഒടുവില്‍ ദര്‍ശനം:പുലര്‍ച്ചെ രണ്ടര മുതല്‍ മൂന്നരവരെയായിരുന്നു കണി ദര്‍ശനം. ക്ഷേത്രനാഴിക മണി രണ്ടടിച്ചതോടെ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്‌ണചന്ദ്രന്‍ നമ്പൂതിരി കുളിച്ച് ഈറനണിഞ്ഞ് സ്വന്തം മുറിയിലെത്തി ഗുരുവായൂരപ്പനെ കണികണ്ടു. പിന്നീട്, മുഖമണ്ഡപത്തില്‍ ഒരുക്കിവച്ചിരുന്ന കണിക്കോപ്പുകളിലെ മുറിതേങ്ങയില്‍ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു.
ഗുരുവായൂരപ്പന്‍റെ തങ്കതിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വര്‍ണ സിംഹാസനത്തില്‍ വച്ചിരുന്നു. ഇതിന് താഴെയായി കീഴ്‌ശാന്തിമാര്‍ ഓട്ടുരുളിയില്‍ കണിക്കോപ്പുകളും ഒരുക്കിയിരുന്നു. രണ്ടരക്ക് കിഴക്കേ ഗോപുരവാതില്‍ തുറന്നതോടെ നാരായണനാമജപവുമായി മണിക്കൂറുകളായി കാത്ത് നിന്നിരുന്ന ഭക്തസഹസ്രങ്ങള്‍ തിക്ക തിരക്കി കണ്ണനുമുന്നിലെത്തി.
പീതാംബരപട്ടണിഞ്ഞ് ഓടക്കുഴലുമായി പുഞ്ചിരി തൂകി നില്‍ക്കുന്ന കണ്ണനേയും സ്വര്‍ണസിംഹാസനത്തിലെ ഗുരുവായൂരപ്പന്‍റെ തങ്കതിടമ്പും ഓട്ടുരിളിയിലെ കണിക്കോപ്പുകളും കണ്ട് ഭക്തര്‍ മനം നിറയെ തൊഴുതു. യാതൊരുവിധ പരാതികൾക്കും ഇടകൊടുക്കാത്ത രീതിയിലായിരുന്നു ഇത്തവണ വിഷുക്കണി ദർശനം ക്രമീകരിച്ചിരുന്നത്. ഇതിന് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്‍റെ നല്ല പിന്തുണയും ലഭിച്ചു.