തൃശൂര്‍:കൊടുങ്ങല്ലൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. അരക്കോടിയിലധികം വരുന്ന എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് വെങ്ങിണിശേരി സ്വദേശിയും, തൃശൂർ കുറ്റൂരിൽ താമസക്കാരനുമായ കൊടപ്പുള്ളി വീട്ടിൽ അർജുൻ (29), പാറളം അമ്മാടം സ്വദേശി വെട്ടിയാട്ടിൽ വീട്ടിൽ മനു (30) എന്നിവരാണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; അരക്കോടിയിലധികം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ - അരക്കോടിയിലധികം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ
പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ അറുപത് ലക്ഷത്തിലേറെ വിലവരുമെന്ന് പൊലീസ്

റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരൂപടന്ന വിയ്യത്ത് കുളത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബൈക്കിലെത്തിയ അർജുൻ്റെ കൈയിൽ നിന്നും 620 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വസ്ത്രങ്ങളോടൊപ്പം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. വിപണിയില്‍ ഇതിന് അറുപത് ലക്ഷത്തിലേറെ വിലവരും.
അർജുനെ ചോദ്യം ചെയ്തതിൽ നിന്ന് കേസിലെ പ്രധാന പ്രതിയായ മനുവിനെ കൂടി പിടികൂടുകയായിരുന്നു. യുവാക്കൾക്ക് മയക്കുമരുന്നുകൾ വാങ്ങുന്നതിനായി ഉയർന്ന പലിശയ്‌ക്ക് പണം കടം കൊടുക്കുന്നയാളാണ് മനു. പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെ പറ്റിയും,
പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും കുറിച്ചും പൊലീസ് അന്വേഷണം നടത്തുമെന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ.ശങ്കരൻ പറഞ്ഞു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.