പാറമേക്കാവിന് ഇനി പുതിയ മേള പ്രമാണി തൃശൂർ:പാറമേക്കാവ് മേള പ്രമാണി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ തീരുമാനം അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി പെരുവനം കുട്ടന്‍മാരാര്‍. പൂരത്തിന്‍റെ വലിപ്പമാണ് തന്‍റേയും വലിപ്പമെന്നും പാറമേക്കാവിനൊപ്പം തന്നെ താന്‍ ഉണ്ടാകുമെന്നും പെരുവനം പറഞ്ഞു. ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിലാണ് പെരുവനത്തെ മാറ്റി കിഴക്കൂട്ട് അനിയൻ മാരാരെ മേള പ്രമാണിയാക്കി ദേവസ്വം നിശ്ചയിച്ചത്.
തൃശൂര്‍ പൂരത്തിന്‍റെ മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമുണ്ട്. പാറമേക്കാവ് ദേവസ്വവുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലമാണ് പ്രമാണി സ്ഥാനം നഷ്‌ടമായതെന്ന് പറയുന്നത് ശരിയല്ലെന്നും മകനെ കൊട്ടിച്ചതല്ല തന്നെ നീക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മകനെ മേളമുൻനിരയിലെത്തിച്ചത് ദേവസ്വം തന്നെയാണെന്നും പെരുവനം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം പാറമേക്കാവ് വേല മേളത്തിനിടയില്‍ പെരുവനം മകനെയും മുൻനിരയിൽ നിർത്തിയിരുന്നു. ഇതില്‍ ദേവസ്വം ഇടപെട്ടതോടെ സംസാരത്തിന് വഴിവച്ചു. തുടർന്ന് പെരുവനം കുട്ടൻമാരാർ ചെണ്ട താഴെ വയ്‌ക്കുന്ന സാഹചര്യമുണ്ടായി. എന്നാല്‍ പിന്നീട് അദ്ദേഹം ചെണ്ട കൊട്ടി മേളം പൂർത്തിയാക്കി. എന്നാൽ ഈ നടപടിയിൽ ദേവസ്വം ബോർഡിന് വലിയ അതൃപ്‌തിയുണ്ടായതായും പറയുന്നു.
ഈ സംഭവത്തിന് ശേഷമാണ് ഇന്നലെ ദേവസ്വം ബോർഡ് യോഗം ചേർന്ന് പെരുവനത്തെ മാറ്റിയത്. എന്നാല്‍ പെരുവനത്തെ മാറ്റിയത് എല്ലാവർക്കും അവസരം നൽകാൻ വേണ്ടിയാണെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്‍റെ വിശദീകരണം. കിഴക്കൂട്ട് അനിയൻ മാരാരെ മേള പ്രമാണിയാക്കിയത് കാലോചിതമായ മാറ്റത്തിന്‍റെ ഭാഗം മാത്രമാണെന്നും ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു.
കഴിഞ്ഞ 45 വർഷമായി പാറമേക്കാവിന്‍റെ മേള കലാകാരനായിരുന്നു പെരുവനം കുട്ടൻ മാരാർ. 1999 മുതൽ 24 വർഷത്തോളം പാറമേക്കാവിന്‍റെ മേള പ്രമാണിയായി അദ്ദേഹം പ്രവർത്തിച്ചു. അതേസമയം പെരുവനത്തിനും കിഴക്കൂട്ട് അനിയൻ മാരാർക്കും 1992 ൽ ഒരുമിച്ചാണ് ഭഗവതിയുടെ സുവർണ മുദ്ര നൽകി പാറമേക്കാവ് ദേവസ്വം ആദരിച്ചത്.