കേരളം

kerala

ETV Bharat / state

കഞ്ചാവ് കേസ് പ്രതിയുടെ മരണം മർദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് - പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ഷെമീർ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ സെപ്റ്റംബർ 29നാണു 10 കിലോ കഞ്ചാവുമായി പിടികൂടിയത്

ganja seized case  custody death  postmortem report  thrissur  തൃശൂര്‍  കഞ്ചാവ് കേസ്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്  കസ്റ്റഡി മരണം
തൃശൂരില്‍ കഞ്ചാവ് കേസ് പ്രതി കസ്റ്റഡിയിൽ മരണപ്പെട്ടത് മർദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

By

Published : Oct 10, 2020, 8:49 AM IST

തൃശൂര്‍: കഞ്ചാവ് കേസിൽ പിടിയിലായ പ്രതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഷെമീർ മരിച്ചത് ക്രൂര മർദ്ദനം മൂലമെന്നും വാരിയെല്ലുകൾ തകരുകയും ശരീരത്തിൽ നാൽപതോളം മുറിവുകൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം സ്വദേശി ഷെമീർ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ സെപ്റ്റംബർ 29നാണു തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 10 കിലോ കഞ്ചാവുമായി പിടികൂടിയത്. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഷെമീറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പികയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ മാസം ഒന്നിന്‌ തൃശൂർ മെഡിക്കൽ കോളജിൽ ഷെമീർ മരണപ്പെടുകയായിരുന്നു.

ഇന്ന് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ക്രൂര മർദ്ദനം വ്യക്തമാകുന്ന തെളിവുകൾ ഉള്ളത്. നെഞ്ചിൽ ഏഴോളം ഇടത്തു മർദ്ദനം ഏൽക്കുകയും വാരിയെല്ലുകൾ പൊട്ടുകയും ചെയ്‌തിട്ടുണ്ട്. ശരീരത്തിൽ 40 ഇടങ്ങളിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട് കൂടാതെ എല്ലുകൾക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. ഇതിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമായി കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിന്‍റെ പിൻഭാഗത്തായി ശക്തമായ അടിയേറ്റ് രക്തം പുറത്ത് പോയിട്ടുണ്ട്. ഇത് ലാത്തികൊണ്ടുള്ള മർദ്ദനമാകാനാണ് സാധ്യത.

ഷെമീറിനൊപ്പം തിരുവനന്തപുരം സ്വദേശികളായ ജാഫർ ഖാൻ, റിയാസ്, സുമി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കാറിന്‍റെ ബോണറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വാഹനവും കസ്റ്റഡിയിലെടുത്തു.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ്‌ പൊലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം വിയ്യൂർ ജയിലിന്‍റെ കൊവിഡ് നിരീക്ഷണ കേന്ദ്രമായ അമ്പിളിക്കല ഹോസ്റ്റലിലായിരുന്നു ഷെമീറിനെ താമസിപ്പിച്ചിരുന്നത്. ഇവിടെ നിന്നും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഷെമീർ പിന്നീട് മരണപ്പെടുകയായിരുന്നു.

ABOUT THE AUTHOR

...view details