തൃശ്ശൂര്‍: പൂര നഗരിയെ ആവേശത്തിലാഴ്ത്തി തൃശ്ശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട് . ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവുമുള്ള ആനക്ക് അനുമതി നൽകുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും കര്‍ശന ഉപാധികളോടെയാണ് എഴുന്നെള്ളിക്കാൻ ധാരണയായത്.
രാമൻ എത്തി; ആവേശക്കൊടുമുടിയിൽ തൃശ്ശൂർ പൂര വിളംബരം - തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവുമുള്ള ആനക്ക് അനുമതി നൽകുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ ധാരണയായത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദീര്‍ഘദൂര എഴുന്നെള്ളിപ്പിന് അനുമതിയില്ലാത്തതിനാൽ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ദേവീദാസൻ എന്ന ആന തേക്കിൻകാട് പരിസരം വരെ എത്തി. അതിന് ശേഷം മണികണ്ഠനാൽ പരിസരത്തു വച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പ് കൈമാറി. തുടർന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി പടിഞ്ഞാറെ നടയിൽ കൂടിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. അതിന് ശേഷം ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളി തുറക്കുന്നു ഇതോടെ 36 മണിക്കൂര്‍ നീളുന്ന പൂര ചടങ്ങുകൾക്ക് തുടക്കമായി.
പൂര പ്രേമികളും ആനപ്രേമികളുമായി വലിയൊരു ആൾക്കൂട്ടവം ഇതിനോടകം തന്നെ ക്ഷേത്ര പരിസരത്ത് എത്തിയിട്ടുണ്ട്. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ ആവേശത്തോടെയാണ് പുരുഷാരം ചുറ്റും കൂടിയത്. എന്നാൽ ആര്‍പ്പ് വിളിക്കരുതെന്ന മുന്നറിയിപ്പ് ദേവസ്വം ഭാരവാഹികൾ നൽകുന്നുണ്ടായിരുന്നു.