തൃശൂർ:ഭരണത്തിന്‍റെ അവസാന വർഷത്തിൽ ഖജനാവ് കൊള്ളയടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇനി ഭരണത്തിൽ വരില്ല എന്ന് മുഖ്യമന്ത്രിക്ക് അറിയാം. കേരള പൊലീസിൽ നിന്നും വെടിയുണ്ട കാണാതായ സംഭവത്തിൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് അഴിമതിക്കാരെ രക്ഷിക്കാനുള്ള ചെപ്പടിവിദ്യയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള അഴിമതിയാണ് നടന്നിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. സംഭവത്തിൽ ആഭ്യന്തര മന്ത്രി നൽകിയ റിപ്പോർട്ട് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും കെ സുരേന്ദ്രൻ തൃശ്ശൂരിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ ഖജനാവ് കൊള്ളയടിക്കാൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ - bjp state president
വെടിയുണ്ട കാണാതായ സംഭവത്തിൽ ആഭ്യന്തര മന്ത്രി നൽകിയ റിപ്പോർട്ട് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കെൽട്രോൺ ഉപയോഗിച്ച് വൻ അഴിമതിയാണ് നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഒറ്റക്ക് അഴിമതി നടത്താനാകില്ല. മാവോയിസ്റ്റ് വേട്ടയും പൊലീസ് നവീകരണവും മുൻനിർത്തി ആഭ്യന്തര വകുപ്പ് അഴിമതി നടത്തുകയാണ്. അന്വേഷണം നടത്താൻ ഉത്തരവ് കിട്ടിയ ഉടനെ ആഭ്യന്തര വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകുകയായിരുന്നു. പൊലീസിനെ സംരക്ഷിക്കുന്നത് തട്ടിപ്പാണെന്നും ആഭ്യന്തര വകുപ്പിലെ അഴിമതി ആഭ്യന്തര വകുപ്പ് സെക്രട്ടറി തന്നെ അന്വേഷിക്കുന്നത് കോഴിയുടെ സുരക്ഷ കുറുക്കനെ ഏൽപ്പിക്കുന്നത് പോലെയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രി ആരോയോ സംരക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് അഴിമതി നടത്തിയത്. ഭരണത്തിന്‍റെ അവസാന വർഷത്തിൽ കട്ടുമുടിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ബെഹ്റയും ബിജെപിയുമായി ബന്ധമുണ്ടെന്നത് വസ്‌തുതാ വിരുദ്ധമാണെന്നും ബിജെപിയിൽ ഗ്രൂപ്പ് എന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വാർഡ് വിഭജനം ജനാധിപത്യപരമായി നടത്താൻ സർക്കാർ തുനിഞ്ഞില്ലെങ്കിൽ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.