മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തം. തൃശൂരില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്‌ണന്‍റെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിതിനെ തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരില്‍ കലക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ ബിജെപി പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി ജലീലിന്‍റെ കോലം കത്തിച്ചു. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം - protest
സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായി. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബിജെപിയുടേയും യുവമോര്‍ച്ചയുടേയും സംസ്ഥാന നേതാക്കന്മാരേയും പ്രവര്‍ത്തകരേയും മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാലായില്‍ ബിജെപി കരിദിനം ആചരിക്കുകയും പ്രതിഷേധം നടത്തുകയും ചെയ്‌തു. പ്രതിഷേധ പ്രകടത്തിനിടെ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. ആലപ്പുഴയിലും ബിജെപിയുടേയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. അരൂരിലെ വ്യവസായിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. മന്ത്രി കെ.ടി ജലീൽ സുഹൃത്തായ അരൂരിലെ വ്യവസായിയുടെ വീട്ടിലെത്തിയ ശേഷമാണ് സ്വകാര്യ കാറില്‍ കെ.ടി ജലീല്‍ ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസില്‍ എത്തിയത്.
വ്യവസായിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. കല്‍പ്പറ്റയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെ.ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയനാണ് സംരക്ഷിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.