തൃശ്ശൂര്‍:ചുമരുകളില്‍ ചിത്രങ്ങളുടെ വസന്തം വിരിയിക്കുന്ന ഒരു കൊച്ചു മിടുക്കിയുണ്ട് വഞ്ചിപ്പുരയില്‍. കയ്‌പ മംഗലം ഗവ: ഫിഷറീസ് സ്കൂളിൽ എസ്.എസ്.എൽ.സി പഠനം പൂര്‍ത്തിയാക്കിയ നിമിതയാണ് മ്യൂറല്‍ ചിത്രകലയില്‍ ആവിഷ്കാരത്തിന്‍റെ ആഘോഷമാക്കുന്നത്. വീട്ടിലെ ചുമരിലെല്ലാം നിമിതയുടെ വിരലുകള്‍ തീര്‍ത്ത വിസ്‌മയക്കാഴ്‌ചകളാണ്.
ചിത്രങ്ങളത്രയും കാഴ്‌ചക്കാരുടെ മനസ്സ് കവരുന്നവയും. ചുമരുകളില്‍ മാത്രമല്ല കൊച്ചു മിടുക്കി വിസ്‌മയം തീര്‍ക്കുന്നത്, ക്ഷേത്ര ചുമരുകളിലും വിവിധയിനം തുണിത്തരങ്ങളിലുമെല്ലാം നിമിതയുടെ കലാവിരുത് കാണാനാവും. ചെറുപ്പം മുതലേ ചിത്രകലയോട് ഏറെ താല്പര്യമുണ്ടായിരുന്ന നിമിത മനസിലെത്തുന്ന രൂപങ്ങളെല്ലാം കാന്‍വാസില്‍ പകര്‍ത്തുമായിരുന്നു.
മ്യൂറല്‍ ചിത്രകലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സജീവ സാന്നിധ്യമാണ് നിമിത. സാംസ്കാരിക വകുപ്പിന്‍റെ വജ്ര ജൂബിലി ഫെല്ലോഷിപ് പദ്ധതിയിലൂടെ ചിത്രകല പഠനം പൂര്‍ത്തിയാക്കിയ നിമിത സ്വന്തമായി 'റിയല്‍ ലെവന്‍ഡ് ആര്‍ട്ട് ' എന്ന സംരംഭവും തുടങ്ങി ചിത്രകലയില്‍ ഉയരങ്ങള്‍ താണ്ടാനൊരുങ്ങുകയാണ്.