തൃശൂർ ശക്തൻ നഗറില്‍ ആകാശപ്പാത തുറന്നു തൃശൂർ:കേരളത്തിന്‍റെ സാംസ്കാരിക നഗരി പുത്തൻ യാത്ര സംസ്കാരത്തിലേക്ക് ചുവടുവെക്കുകയാണ്. തൃശൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ ശക്തൻ നഗറില്‍ ശ്വാസം കൈയില്‍ പിടിച്ച്, റോഡ് മുറിച്ചു കടന്ന കാലം മറക്കാം. പകരം ഇനി ആകാശപ്പാതയിലേറി നഗരക്കാഴ്‌ചകൾ കണ്ട് റോഡ് മുറിച്ചു കടക്കാം.
പൂരത്തിനെന്ന പോലെ ദീപാലങ്കാരം, നാല് ഭാഗങ്ങളില്‍ നിന്നും കയറാവുന്ന വിധം ചവിട്ടുപടികൾ, ശാരീരിക അവശതയുള്ളവർക്ക് ലിഫ്‌റ്റ്... അങ്ങനെ പ്രത്യേകതകൾ ഏറെയാണ് കേരളത്തിലെ ഏറ്റവും നീളമേറിയ ആകാശപ്പാതയ്ക്ക്. രണ്ടാം ഘട്ടത്തില്‍ രണ്ട് ലിഫ്റ്റ്, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ്സ് ക്ലാഡിംഗ് കവര്‍, എ.സി എന്നിവയും നിർമ്മിക്കും.
തൃശൂർ നഗരത്തിലെ ആകാശയാത്ര ഇങ്ങനെ: റോഡിൽ നിന്ന് ആറുമീറ്റർ ഉയരത്തില്‍ വൃത്താകൃതിയിൽ ആണ് ആകാശപ്പാത നിർമിച്ചത്. അതിനാൽ വാഹനങ്ങൾക്കും തടസമില്ലാതെ കടന്നുപോവാം. മൂന്നുമീറ്റർ വീതിയിലാണ് നടപ്പാലം. 280 മീറ്ററാണ് ചുറ്റളവ്. നടപ്പാലത്തിനു ചുറ്റും മുകളിലും സ്റ്റീൽ കവചമുണ്ട്. തൃശൂർ നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ശക്തൻ നഗര്‍. ഇവിടെ സംഗമിക്കുന്ന നാല് റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ആകാശപ്പാത.
ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ-മാംസ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നി നാല് ഭാഗങ്ങളിൽ നിന്നും ആകാശപ്പാതയിലേക്കു ചവിട്ടുപടികളിലൂടെ പ്രവേശിക്കാം. ശാരീരിക അവശതകൾ ഉള്ളവർക്ക് ഉൾപ്പെടെ സഹായകരമാകാൻ രണ്ടു ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.
ആകാശപ്പാത വന്ന വഴി: പാത തുറന്നതോടെ തിരക്കേറിയ ശക്തനിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കുമെന്നാണു പ്രതീക്ഷ. എട്ടു കോടി രൂപ ചിലവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ കോർപ്പറേഷനാണ് ആകാശപ്പാത നിർമിച്ചത്. മന്ത്രി കെ രാധാകൃഷ്ണൻ ആകാശപാത തുറന്നു നൽകി. രാഷ്ട്രീയ ആരോപണങ്ങളുമായി ആകാശപ്പാത ഉദ്ഘാടനത്തില്‍ നിന്ന് കോൺഗ്രസും ബിജെപിയും വിട്ടുനിന്നതും വാർത്തയായി.
2018ൽ ഭരണാനുമതി കിട്ടി 2019 ഒക്ടോബറിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ പൂർത്തിയായത്. അമൃത് പദ്ധതിയില്‍ 50 ശതമാനം കേന്ദ്രഫണ്ടും 30 ശതമാനം സംസ്ഥാന വിഹിതവും 20 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവുമാണ്. രാത്രി പൂർണസമയം ആകാശപ്പാത തുറക്കുന്ന കാര്യത്തില്‍ കോർപ്പറേഷൻ ഇനിയും തീരുമാനമെടുത്തിട്ടില്ല. സുരക്ഷ ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ലിഫ്റ്റിന്‍റെ പ്രവർത്തനം എങ്ങനെ വേണമെന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
'എയറില്‍ കയറിയ കോട്ടയം ആകാശപ്പാത':ഏഴ് വർഷമായി നിർമാണം പൂർത്തിയാക്കാതെ കോട്ടയം നഗരമധ്യത്തില്‍ കമ്പിക്കാലുകളില്‍ നില്‍ക്കുന്ന ആകാശപ്പാത ഇപ്പോൾ ചർച്ചയാകുകയാണ്. അഞ്ച് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു 2016 ഫെബ്രുവരിയില്‍ നിർമാണം തുടങ്ങുമ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പറഞ്ഞത്. പൂർത്തിയാക്കാനാവില്ലെങ്കില്‍ പൊളിച്ച് കളഞ്ഞുകൂടേയെന്ന് കേരള ഹൈക്കോടതി കോട്ടയത്തെ ആകാശപ്പാതയെ പരാമർശിച്ച് പറഞ്ഞിരുന്നു.
തിരുവനന്തപുരത്തും ഇപ്പോൾ തൃശൂരിലും ആകാശപ്പാതകൾ സജ്ജമായതോടെ കോട്ടയത്തെ ആകാശപ്പാതയും വീണ്ടും ചർച്ചയാകുകയാണ്. മൂന്ന് എസ്‌കലേറ്റർ, ലിഫ്റ്റ്, ജലധാര അടക്കം വമ്പൻ പദ്ധതിയാണ് കോട്ടയം നഗരമധ്യത്തിലെ ആകാശപ്പാതയുടെ പ്ലാനിലുണ്ടായിരുന്നത്.
'പടവലങ്ങ പന്തല്‍' എന്ന് നാട്ടുകാർ പേരിട്ട കോട്ടയത്തെ ആകാശപ്പാത ഇടക്കാലത്ത് വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനും വേദിയായിരുന്നു. മാധ്യമങ്ങളും ട്രോളൻമാരും പലപ്പോഴായി ചർച്ചയാക്കിയ കോട്ടയത്തെ ആകാശപ്പാത എന്ന് നിർമാണം പൂർത്തിയാക്കുമെന്ന് മാത്രം ആർക്കും അറിയില്ല.