കേരളം

kerala

ETV Bharat / state

തൃശൂരില്‍ നാളെ റെഡ് അലര്‍ട്ട്

നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ പെരിങ്ങൽക്കുത്ത്, പൂമല ഡാമുകള്‍ തുറന്നുവിട്ടു. ചാലക്കുടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം.

red alert news  heavy rain news  റഡ് അലേര്‍ട്ട് വാര്‍ത്ത  കനത്ത മഴ വാര്‍ത്ത
റെഡ് അലര്‍ട്ട്

By

Published : Aug 7, 2020, 7:42 PM IST

  • ജില്ലയില്‍ കനത്ത മഴ തുടരുന്നു
  • പെരിങ്ങൽക്കുത്ത്, പൂമല ഡാമുകള്‍ തുറന്നുവിട്ടു
  • ചാലക്കുടി പുഴയുടെ തീരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി
  • പഞ്ചായത്ത് തലത്തില്‍ ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി

തൃശൂര്‍: ഡാമുകളുടെ വൃഷ്‌ടിപ്രദേശങ്ങളില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂർ ജില്ലയിൽ നാളെ റെഡ് അലർട്ട്. പെരിങ്ങൽക്കുത്ത് ഡാം തുറന്നതോടെ ചാലക്കുടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നല്‍കി. രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്ന ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇന്നലെ അപ്രതീക്ഷിതമായി അഞ്ച് മീറ്ററോളം ജലനിരപ്പ് ഉയർന്നതോടെ ഡാമിന്‍റെ ഏഴ്‌ ഷട്ടറുകളും തുറന്നു. ഇന്നു രാവിലെ ഒമ്പതിന് ഡാമിലെ ജലനിരപ്പ് അര മീറ്റർ താഴ്‌ന്നെങ്കിലും ശക്തമായി മഴക്ക് ശമനമായിട്ടില്ല. ജലനിരപ്പ് ഉയർന്നതോടെ രാവിലെ പൂമല ഡാമും തുറന്നിട്ടുണ്ട്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പഞ്ചായത്ത് തലത്തില്‍ ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ജില്ലയിൽ പരിയാരം, കാടുകുറ്റി, കൊരട്ടി, കുഴൂർ മേഖലകളിലാണ് വെള്ളം കയറിത്തുടങ്ങിയിട്ടുള്ളത്. കപ്പത്തോട്, ചാത്തൻചാൽ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. കുടപ്പുഴയിലും സ്ഥിതി രൂക്ഷമാണ്. ചാലക്കുടി പുഴയുടെ വൃഷ്‌ടിപ്രദേശമായ അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ഷോളയാർ മേഖലയിൽ ശക്തമായി മഴ തുടരുകയാണ്. തമിഴ്‌നാട് അപ്പർ ഷോളയാർ വനമേഖലയിലും സമാന സാഹചര്യമാണ്. ആളിയാർ, പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിലിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷവും തുടർച്ചയായി വെള്ളപ്പൊക്കമുണ്ടായ ചാലക്കുടി മേഖലയിൽ രക്ഷാപ്രവർത്തനത്തിനും, പുനരധിവാസത്തിനും ജില്ലാ ഭരണകൂടം ശ്രമമാരംഭിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 2019 ആഗസ്റ്റ് ഒമ്പതിന് സമാനമായ വെള്ളപ്പൊക്ക സാധ്യതയാണുള്ളത്. അന്ന് പെരിങ്ങൽക്കുത്ത് ഒഴികെ മറ്റൊരു ഡാമും തുറന്നിരുന്നില്ല.

ABOUT THE AUTHOR

...view details