തൃശ്ശൂര്‍ :സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ട് മട്ടുപ്പാവിൽ വിളയിച്ചിരിക്കുകയാണ് പെരിഞ്ഞനം കൊറ്റംകുളം സ്വദേശി ജിനേഷ്. 60 ഓളം ഗാക് ഫ്രൂട്ടുകളാണ് വീടിന്‍റെ ടെറസിൽ വിളയിച്ചത്. വെൽഡറായ ജിനേഷ് ഒമ്പത് മാസം മുമ്പാണ് സമൂഹ മാധ്യമങ്ങളിലൂടെ ഗാക് ഫ്രൂട്ടിനെക്കുറിച്ച് അറിയുന്നത്.
തുടർന്ന് അങ്കമാലി സ്വദേശി ജോജോയുടെ കയ്യിൽ നിന്നും 300 രൂപക്ക് ആറ് വിത്തുകൾ വാങ്ങി നട്ടുപിടിപ്പിച്ചു. ചാണക പൊടിയും, ആട്ടിൻ കാഷ്ഠവും മൂത്രവുമാണ് വളമായി നൽകിയത്. പൂവിട്ട് കഴിഞ്ഞാൽ കൃത്രിമ പരാഗണം നടത്തിയാലേ കായ് ഫലം ഉണ്ടാകൂ എന്നതാണ് പ്രത്യേകത.
ഏഴ് മാസം കഴിഞ്ഞപ്പോഴാണ് ജിനേഷിന്‍റെ ഗാക് ഫ്രൂട്ട് കൃഷി കായ്ച്ചത്. പഴം പഴുക്കുന്നത് വരെ നാല് നിറങ്ങളിൽ ഇതിനെ കാണാനാകും. വിയറ്റ്‌നാം സ്വദേശിയാണ് ഗാക് ഫ്രൂട്ട്. പഴം കേരളത്തിലേക്കെത്തിയിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഗാക് ഫ്രൂട്ട് കൃഷി ചെയ്യുന്നവർ വിരളമാണ്. ഒരു കിലോ ഗാക് ഫ്രൂട്ടിന് 1000 മുതൽ 1500 രൂപ വരെയാണ് വിപണിയിൽ വില വരുന്നത്.
'സ്വർഗത്തിലെ കനി' മട്ടുപ്പാവില്‍ വിളയിച്ച് ജിനേഷ്; ഗാക് ഫ്രൂട്ട് കൃഷി ചെയ്യുന്നവര്‍ വിരളം Also Read: പാകമാകുന്നതു വരെ നാല് നിറങ്ങൾ, രുചിയും വ്യത്യസ്‌തം.. സ്വർഗത്തിലെ കനി പുത്തനത്താണിയില്‍
ഒരു പഴം ഏകദേശം ഒരു കിലോയോളം തൂക്കം വരും. വൈറ്റമിൻ സിയുടെ കലവറയായ ഗാക് ഫ്രൂട്ട് പഴമായും, പച്ചക്കറിയായും ഉപയോഗിക്കാവുന്നതാണ്. വലിയ ഒരു പഴത്തിൽ നിന്നും 16 മുതൽ 20 വരെ വിത്തുകൾ ലഭിക്കും. പാഷൻ ഫ്രൂട്ടിനോട് സാദ്യശ്യമുള്ള വള്ളിച്ചെടിയാണ് ഗാക്. കീടരോഗ ബാധയില്ലെന്നതും പരിചരണം ലളിതമാണെന്നതുമാണ് ഈ കൃഷിയെ ആകർഷകമാക്കുന്നത്. വിപുലമായ രീതിയിൽ ഗാക് ഫ്രൂട്ട് കൃഷിയുമായി മുന്നോട്ട് പോകാനാണ് ജിനേഷിന്‍റെ തീരുമാനം.