തൃശൂര്‍: വയോജനങ്ങൾക്കായുള്ള പകൽവീട് ശ്മശാനത്തിനോട് ചേര്‍ന്ന് നിർമിക്കുന്നതിനെതിരെ പ്രതിഷേധം. കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂർ എസ് സി കോളനി ശ്മശാനത്തിനോട് ചേര്‍ന്നാണ് പകൽ വീട് നിര്‍മിക്കുന്നത്. 43 സെന്‍റ് സ്ഥലത്താണ് ശ്മശാനം. 2017ൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവിട്ട് ശ്മശാനത്തിന് ചുറ്റുമതിൽ കെട്ടി. എട്ടുലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്താണ് പകൽവീട് നിർമിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള സ്ഥലം കണ്ടാണശ്ശേരി പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.
ശ്മശാനത്തിനോട് ചേര്‍ന്ന് പകൽവീട് നിർമിക്കുന്നതില്‍ പ്രതിഷേധം
എട്ടുലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്താണ് പകൽവീടിനായുള്ള പദ്ധതി നടപ്പാക്കുന്നത്
ശ്മശാനത്തിനടുത്ത് പകൽവീട് പണിയുന്നത് സംബന്ധിച്ച് പൊതു അഭിപ്രായമറിയാൻ സർവകക്ഷിയോഗം ചേർന്നിരുന്നു. യോഗത്തിൽ കോളനിക്കാരും ദളിത് സംഘടനകളും എതിർപ്പ് അറിയിച്ചു. ജില്ലാ കളക്ടർ, പൊലീസ് കമ്മീഷണർ, റവന്യൂ ഡിവിഷണൽ ഓഫീസർ, കേരള പട്ടികജാതി പട്ടികവർഗ സമാജ ചെയർമാൻ എന്നിവർക്ക് പരാതി നല്‍കി. ശ്മശാനത്തിൽ വല്ലപ്പോഴും മാത്രമേ ശവം മറവുചെയ്യാറുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ശ്മശാനഭൂമിയിൽ പകൽവീട് നിർമിക്കുന്നത് വയോജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ദളിത് സംഘടനകളുടെ ആരോപണം.