തിടമ്പേറ്റി രാമൻ ; ആർപ്പുവിളിയോടെ പൂര വിളംബരം - തൃശ്ശൂർ പൂരം
വിലക്കിനെ മറികടന്ന് എത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വലിയ ആർപ്പുവിളികളോടെ ആണ് പൂരപ്രേമികൾ വരവേറ്റത്.
തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന്‍റെ വിളംബരമായി നെയ്തലക്കാവ് ഭഗവതിക്ക് വേണ്ടി തെക്കേഗോപുരനട തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. വലിയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പൊലീസും ജില്ലാ ഭരണകൂടവും ഒരുക്കിയ സുരക്ഷയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിളംബരത്തിനായി എത്തിച്ചത്. രാവിലെ ഒമ്പതേകാലോടെ പടിഞ്ഞാറെ ഗോപുര നടയിൽ എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ എന്ന കൊമ്പന്‍റെ കൈയ്യിൽ നിന്നും നെയ്തലക്കാവിലമ്മയുടെ തിടമ്പ് ഏറ്റെടുത്തതോടെ പൂരപ്രേമികൾ ആവേശത്തിലായി. ഒമ്പതര മുതൽ പത്തര വരെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയെങ്കിലും 10 :40 ടെയാണ് തെക്കേഗോപുരനട തുറന്നത്. പിന്നീട് പതിനൊന്നേകാൽ വരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൊലീസ് വലയത്തിൽ ഗോപുരനടയുടെ മുമ്പിൽ തന്നെ നിന്നു. തുടർന്ന് സുരക്ഷയുടെ ഭാഗമായി ദേവീദാസൻ എന്ന ആനക്ക് വീണ്ടും തിടമ്പ് കൈമാറി തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തിരികെ കൊണ്ടുപോയി.