തൃശൂർ : സഹകരണ കൊള്ളയ്‌ക്കെതിരെ (Karuvannur Bank Scam) കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര (Padayatra) നടത്തിയതിന് നടൻ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ് (Case Against Suresh Gopi). സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കൾക്കുമെതിരെ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പദയാത്ര നടത്തി ഗതാഗതടസം സൃഷ്‌ടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം രണ്ടിനായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്‌ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്‌ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്‌ഘാടനം ചെയ്‌തത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു.
കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ അഭിവാദ്യമർപ്പിക്കാനെത്തിയത്. സഹകരണ മേഖലയിൽ കേരളം കണ്ട ഏറ്റവും വലിയ കൊള്ളയായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പ് എന്നാണ് ഉയരുന്ന ആക്ഷേപം. ബാങ്കിൽ 219 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിന് പിന്നാലെ വർഷങ്ങളായി സിപിഎം നിയന്ത്രണ ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നു. 2011- 2012 കാലയളവിലാണ് കരുവന്നൂർ ബാങ്കിൽ കൊള്ള നടന്നതായി കണ്ടെത്തിയിട്ടുള്ളത്.
വ്യാജ രേഖകൾ കാണിച്ചും മൂല്യം ഉയർത്തിക്കാണിച്ചും ക്രമരഹിതമായി വായ്‌പ നൽകിയതുൾപ്പടെ വിവിധ രീതിയിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്ക് ജീവനക്കാരന്‍റെ പരാതിയിലായിരുന്നു അന്വേഷണം. നിലവിൽ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിലെ ഉന്നത നേതാക്കൾ ഉൾപ്പടെ നിരവധിപേർ കേസിൽ നിരീക്ഷണത്തിലാണ്.