തൃശ്ശൂര്‍ :കാറളം എസ്.ബി.ഐ (Kaaralam SBI) ബാങ്കില്‍ 2.76 കോടി രൂപയുടെ സ്വര്‍ണ പണയ തിരിമറി നടത്തിയ കേസിലെ പ്രതി പിടിയില്‍. ബാങ്കിലെ ചീഫ് അസോസിയേറ്റ് ഓഫിസറായിരുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി സുനില്‍ ജോസാണ് ക്രൈബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയത്. 2018 ഒക്‌ടോബറിനും 2020 നവംബറിനും ഇടയിലായിരുന്നു തിരിമറി നടന്നത്.
ബാങ്കില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണം ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ വീണ്ടും പണയം വച്ചായിരുന്നു തട്ടിപ്പ്. ഇടപാടുകാരോടും ബാങ്ക് ജീവനക്കാരോടും ഏറെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന പ്രതി വിദഗ്‌ധമായാണ് തട്ടിപ്പ് നടത്തിയത് (Kaaralam SBI Fraud Case). ബ്രാഞ്ച് മാനേജരും, ഗോള്‍ഡ് അപ്രൈസറും, ചീഫ് അസോസിയേറ്റുമാണ് ലോക്കറിന്റെ താക്കോലുകള്‍ സൂക്ഷിച്ചിരുന്നത്.