വര്‍ഗീയതയുടെ കാര്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ഒരേ സ്വരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമലയുടെ പേരില്‍ സമരത്തിനിറങ്ങിയ ബിജെപിയോടൊപ്പമായിരുന്നു, ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്നു പറഞ്ഞ കോണ്‍ഗ്രസും യുഡിഎഫും. ഈ സാഹചര്യത്തില്‍ മതേതരത്വം സംരക്ഷിക്കാനും നിലനിര്‍ത്താനും ഇടതുപക്ഷ അംഗങ്ങളുടെ സ്വാധീനം ലോക്‌സഭയില്‍ വര്‍ധിക്കേണ്ടത് അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത: ശ്രീധരന്‍പിള്ളക്കും ചെന്നിത്തലക്കും ഒരേ സ്വരമെന്ന് കാനം
തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
2014ല്‍ അധികാരത്തിലെത്താന്‍ മോദി നല്‍കിയ വാഗ്ദാനങ്ങളും അഞ്ച് വര്‍ഷത്തെ ഭരണവും ജനങ്ങള്‍ വിലയിരുത്തിയാല്‍ സര്‍ക്കാരിനെ താഴെയിടും. അതില്ലാതിരിക്കാന്‍ ജനശ്രദ്ധ തിരിച്ചു വിടാനാണ് യുദ്ധത്തിന്‍റെ പുകമറ സൃഷ്ടിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. യുദ്ധം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ശബരിമലയോ സുപ്രീം കോടതി വിധിയോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയ നിലക്ക് ഇനി ബിജെപി എന്ത് പറഞ്ഞ് വോട്ട് ചോദിക്കുമെന്ന് കണ്ടറിയണം. കേന്ദ്ര കാര്‍ഷിക കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് അഞ്ച് വര്‍ഷം മുമ്പ് അധികാരത്തിലെത്തുമ്പോള്‍ പറഞ്ഞ മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റിലും കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം മാത്രമുണ്ട്.
തൊഴിലാളികളും വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം പ്രക്ഷോഭത്തിന്‍റെ പാതയിലാണ്. യുജിസി പിരിച്ചു വിട്ട് വിദ്യാഭ്യാസം കാവിവല്‍ക്കരിക്കാനുള്ള നീക്കം നടത്തി. അന്ധവിശ്വാസവും അനാചാരങ്ങളും വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു. ബിജെപിയുടെ വര്‍ഗീയതയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കാത്തതിന്‍റെ വിദ്വേഷമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോടും ഇവിടുത്തെ ജനങ്ങളോടും പ്രകടിപ്പിക്കുന്നത്. പ്രളയത്തില്‍ 31000 കോടിയുടെ നഷ്ടമുണ്ടായിട്ടും സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറായില്ല. വിദേശ രാജ്യങ്ങള്‍ നല്‍കാന്‍ തയ്യാറായ സഹായം ഇല്ലാതാക്കാനും ശ്രമിച്ചു. ഇതിനെതിരെ കേരളം വിധിയെഴുതണം. രാജ്യത്തെ ജനം മുഴുവന്‍ ഒരു വശത്ത് നിന്ന് മോദി സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും കാനം പറഞ്ഞു.