കേരളം

kerala

By

Published : Mar 6, 2019, 2:50 PM IST

ETV Bharat / state

കലാഭവന്‍ മണി വിടവാങ്ങിയിട്ട് മൂന്നു വര്‍ഷം; ഓർമ്മകള്‍ മായാതെ ചാലക്കുടി

മണിയുടെ ഓര്‍മ്മയില്‍ ദീപശിഖ പ്രയാണമുള്‍പ്പടെ വിപുലമായ പരിപാടികള്‍. കലാഭവന്‍ മണി പുരസ്കാരം വൈകിട്ട് സമ്മാനിക്കും.

കലാഭവന്‍ മണി (ഫയല്‍ ചിത്രം)

കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. മണിയുടെ പാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. നാടന്‍ പാട്ടുകളില്‍ തന്‍റേതായകയ്യൊപ്പു ചാര്‍ത്തിയ പ്രതിഭ. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്‍റെനാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു.


മണിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കാന്‍ ചാലക്കുടി നഗരസഭയും കലാഭവന്‍ മണി സ്മാരക ട്രസ്റ്റും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. മണിയുടെ സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണത്തിന് ഭാര്യ നിമ്മി തിരിതെളിയിച്ചു. അനുസ്മരണ യോഗം ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ടി.വി.അനുപമ മണിയുടെ ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ചു. മിമിക്രി കലാകാരന്‍മാര്‍ക്കുള്ള കലാഭവന്‍ മണി പുരസ്ക്കാരം വൈകിട്ട് സമ്മാനിക്കും.


2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്. പാഡിയില്‍ കുഴഞ്ഞു വീണ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മദ്യവും വിഷാംശവും കണ്ടെത്തിയതില്‍ ഉയര്‍ന്ന സംശയത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ സിബിഐ കേസ് ഏറ്റെടുത്തു. മണിയുടെ സിനിമ ബന്ധങ്ങളും സൗഹൃദങ്ങളും സംശയ നിഴലിലായ കേസില്‍ നുണപരിശോധന ഉള്‍പ്പെടെ നടന്നെങ്കിലും കാര്യമായ തെളിവൊന്നും പൊലീസിന് ലഭിച്ചില്ല.

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം

ABOUT THE AUTHOR

...view details