കേരളം

kerala

പുത്തൂർ സുവോളജിക്കൽ പാർക്ക് നിർമാണം പുരോഗമിക്കുന്നുവെന്ന് കെ രാജു

ആദ്യ ഘട്ടത്തിന്‍റ ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളായാണ് പാർക്കിന്‍റെ നിർമാണം പൂർത്തീകരിക്കുക. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച പാർക്കാണ് തൃശൂർ പുത്തൂരിൽ ആരംഭിക്കുന്നതെന്നും മന്ത്രി

By

Published : Jan 1, 2021, 4:57 PM IST

Published : Jan 1, 2021, 4:57 PM IST

കെ രാജു  പുത്തൂർ സുവോളജിക്കൽ പാർക്ക്  സുവോളജിക്കൽ പാർക്ക്  K RAJU  PUTHOOR ZOOLOGICAL PARK  പുത്തൂർ സുവോളജിക്കൽ പാർക്ക് നിര്‍മാണം
പുത്തൂർ സുവോളജിക്കൽ പാർക്ക് നിർമാണം സമയബന്ധിതമായി പുരോഗമിക്കുന്നു: കെ രാജു

തൃശൂര്‍:പുത്തൂർ സുവോളജിക്കൽ പാർക്കിന്‍റെ നിർമാണം സമയബന്ധിതമായി പുരോഗമിക്കുന്നുവെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. സുവോളജിക്കൽ പാർക്കിലെ നിർമാണ പുരോഗതി നേരിട്ട് വിലയിരുത്തിയശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തിന്‍റ ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളായാണ് പാർക്കിന്‍റെ നിർമാണം പൂർത്തീകരിക്കുക. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച പാർക്കാണ് തൃശൂർ പുത്തൂരിൽ ആരംഭിക്കുന്നത്. ജൈവ സമ്പത്ത് നിലനിർത്തിയുള്ള നിർമാണമാണ് പുത്തൂരിലേത്. മൃഗങ്ങളെയും പക്ഷികളെയും മറ്റ് ജീവജാലങ്ങളെയും അവരവരുടെ ആവാസ വ്യവസ്ഥയിൽ തന്നെ നിലനിർത്തി സംരക്ഷിക്കും.

തൃശൂർ മൃഗശാലയിൽ നിലവിലുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റും. ആദ്യഘട്ടത്തിൽ പൂർത്തിയായ നാല് കൂടുകളിലേക്ക് സിംഹവാലൻ കുരങ്ങുകളെയും പക്ഷികളെയുമാണ് മാറ്റുക. മറ്റുള്ളവയെ കൂടുകൾ പൂർത്തിയാക്കുന്നതനുസരിച്ച് പുത്തൂരിലേക്ക് മാറ്റാനാണ് തീരുമാനം. 330 ഏക്കറോളം പ്രദേശത്താണ് പാർക്ക് ഒരുങ്ങുന്നത്. 350 കോടിയാണ് നിർമാണ ചെലവ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള മൃഗങ്ങളെ പുത്തൂരിൽ എത്തിക്കും. സന്ദർശകർക്ക് സുരക്ഷിതമായി തന്നെ മൃഗങ്ങളെ അടുത്ത് കാണാനുള്ള സൗകര്യമാണ് പുത്തൂരിൽ ഒരുക്കുന്നത്. സുവോളജി പാർക്ക് പൂർണ സജ്ജമാകുന്നതോടെ നാല് ലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരും. മണൽക്കുഴിയിൽ നിന്ന് വെള്ളം എത്തിക്കാനാണ് തീരുമാനം.

ഒപ്പം പാർക്കിനുള്ളിൽ തന്നെയുള്ള കുളങ്ങൾ ജലവിതരണത്തിന് സജീകരിക്കും. വാഹനങ്ങൾക്കുള്ള പാർക്കിംഗിന് വിപുലമായ സംവിധാനമാണ് ഒരുക്കുക. ആദ്യഘട്ടത്തിൽ പുത്തൂരിൽ എത്തുന്ന മൃഗങ്ങളെയും പക്ഷികളെയും കാണാൻ പൊതുജനങ്ങൾക്ക് തൽക്കാലം കഴിയില്ല. മൃഗങ്ങൾ പുതിയ സാഹചര്യത്തോട് ഇണങ്ങിയ ശേഷമാണ് സന്ദർശകരെ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. കേരള ചീഫ് വിപ് കെ രാജൻ, പുത്തൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ മിനി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ചിഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ പി കെ കേശവൻ, ടി കെ വർമ്മ, സുരേന്ദ്ര കുമാർ, ഫോറസ്റ്റ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് സിംഹ, തൃശൂർ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ദീപക് മിശ്ര, സ്‌പെഷ്യൽ ഓഫിസര്‍ കെ ജെ വർഗ്ഗീസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details