തൃശ്ശൂർ: കൊറോണ വൈറസ് ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുന്നു. അതേസമയം സംസ്ഥാനത്തുടനീളം ആരോഗ്യ വകുപ്പ് പരിശോധനയും നിരീക്ഷണവും ശക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിച്ചവരെ കണ്ടെത്തിയെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
വിദ്യാർഥിയുടെ ആരോഗ്യ നില തൃപ്‌തികരം; തൃശ്ശൂരിൽ പരിശോധനയും നിരീക്ഷണവും ശക്തം - കൊറോണ വൈറസ് ബാധ
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ
സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് 1421 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. പരിശോധനക്കയച്ച 39 സാമ്പിളുകളിൽ 18 എണ്ണത്തിന്‍റെ ഫലം വന്നു. പോസിറ്റീവ് ഫലങ്ങൾ വന്നിട്ടില്ല. തൃശ്ശൂർ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലുണ്ട്, ഇവരിൽ 15 പേർ ആശുപത്രിയിലാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. രോഗബാധയെ ചെറുക്കാൻ സംസ്ഥാന വ്യാപകമായി ഐഎംഎയുടെ നേതൃത്വത്തിൽ പരിശീലനങ്ങൾ നടക്കുന്നുണ്ട്. ആവശ്യത്തിന് ഐസൊലേഷൻ വാർഡുകളും സജ്ജീകരിച്ചു കഴിഞ്ഞു. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ സ്വന്തം വാഹനത്തിൽ പോകാതെ സർക്കാർ ആംബുലൻസ് ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. പോസിറ്റീവ് കേസ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും 28 ദിവസത്തെ ഇൻക്യുബേഷൻ പിരീഡ് കഴിയുന്നതുവരെ ഒന്നും നിസാരവൽകരിക്കരുതെന്നും മന്ത്രി നിർദേശിച്ചു.