തൃശൂർ: ഇന്ന് (ഡിസംബർ 14) ഗുരുവായൂർ ഏകാദശി. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഏകാദശി നാളിലെ പ്രസാദ ഊട്ടും ഗുരുവായൂരിൽ നടന്നു. ദശമി നാളായ ഇന്നലെ (ഡിസംബർ 13) പുലർച്ചെ തുറന്ന ക്ഷേത്ര നട നാളെയാണ് (ഡിസംബർ 15) അടക്കുക.
ALSO READ: തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്; വിവിധയിടങ്ങളിൽ സ്വീകരണം
കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണ് ഭക്തരെ ഏകാദശി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർക്കും, നെയ് വിളക്ക് ശീട്ടാക്കിയവർക്കും മാത്രമാണ് ദർശനം അനുവദിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് നടന്ന കാഴ്ചശീവേലിക്ക് ഭഗവാൻ സ്വർണക്കോലത്തിൽ എഴുന്നള്ളി. കൊമ്പൻ ഇന്ദ്രസെൻ ആണ് തിടമ്പേറ്റിയത്. ഒമ്പത് മണിയോടെ പാർഥസാരഥി ക്ഷേത്രത്തിലേക്കും എഴുന്നള്ളത്ത് നടന്നു.
ക്ഷേത്രത്തിന്‍റെ തെക്കേ നടയിൽ ഒരുക്കിയ പന്തലിലും അന്നലക്ഷ്മി ഹാളിലുമായാണ് പ്രസാദ ഊട്ട് നടന്നത്. ഒരേസമയം 1700 പേർക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലായിരുന്നു ക്രമീകരണം. ദശമി നാളിൽ പുലർച്ചെ മൂന്നിന് തുറന്ന ക്ഷേത്ര നടയിൽ തുടർച്ചയായി 54 മണിക്കൂർ ഭക്തർക്ക് ദർശനം ലഭിക്കും. ഇതിന് ശേഷം ദ്വാദശി ദിനമായ ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിക്കാണ് നട അടക്കുക. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിക്കുന്ന ദ്വാദശി പണം സമർപ്പിക്കുന്നത്തോടെയാണ് ചടങ്ങുകൾ പൂർത്തിയാകുന്നത്.