തൃശൂർ/ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിൻ അപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് നാല് മലയാളി യുവാക്കൾ. അപകടത്തിൽ പെട്ട കൊറോമണ്ഡല്‍ എക്‌സ്‌പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികളാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയത്. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഇവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. അപകടത്തിൽ രഘുവിന്‍റെ ഒരു പല്ല് തകർന്നു. മറ്റൊരാൾക്ക് കൈയ്‌ക്കും പരിക്കുണ്ട്. ഇതില്‍ കിരണ്‍ ശാരിരിക അസ്വസ്ഥ്യം മൂലം ഇപ്പോള്‍ ബാലസോറിന് സമീപത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മറ്റു മൂന്ന് പേരും കിരണിന്‍റെ കൂടെ ആശുപത്രിയില്‍ തുടരുകയാണ്.
കൊല്‍ക്കത്തയില്‍ ഒരു ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈല്‍സ് ജോലികള്‍ക്ക് പോയി മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ മറിഞ്ഞ ബോഗികളിലൊന്നിലെ യാത്രക്കാരായിരുന്നു ഇവർ. വയലിലേക്ക് മറിഞ്ഞ ബോഗിയുടെ മുകളിലത്തെ ഗ്ലാസ് പൊട്ടിച്ച് വൈശാഖ് ഒരു വശത്തേക്ക് രക്ഷപ്പെടുകയായിരുന്നു
മറ്റ് മൂന്നു പേർ മറുവശത്തുടെ പുറത്തേക്കെത്തി. മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ തമ്മിൽ കണ്ടുമുട്ടിയത്. തുടർന്ന് ഒരു പാടത്തിലൂടെ ഏറെ ദൂരം നടന്ന് ഒരു വീട് കണ്ടെത്തുകയും വീട്ടുകാർ വിശ്രമത്തിനു സൗകര്യമൊരുക്കി കൊടുക്കുകയുമായിരുന്നു. തുടർന്ന് ഈ വീട്ടുകാരുടെ സഹായത്തോടെ ഇവര്‍ നാട്ടിലെ കരാറുകാരനുമായി ബന്ധപ്പെട്ടു.
ഇതിനിടെ ട്രെയിൻ അപകടത്തിൽ പെട്ടുവെന്നും മറ്റ് മൂന്നു പേരെ കാണാനില്ലെന്നും വൈശാഖ് വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ഈ വാർത്തയറിഞ്ഞ് സങ്കടക്കടലിലായ വീട്ടുകാരെ തേടി അധികം വൈകാതെ മൂന്ന് പേരും സുരക്ഷിതരാണെന്ന വാർത്ത എത്തുകയായിരുന്നു. അപകടത്തിൽ പെട്ട നാല് പേർ അടക്കം എട്ട് പേരാണ് ടെെല്‍സ് ജോലികള്‍ക്കായി പോയത്. ഇതില്‍ നാല് പേര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.