തൃശൂർ: ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ പറ്റാതായതോടെ വ്യത്യസ്തമായ രീതിയില്‍ എങ്ങനെ സമയം ചെലവഴിക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. ബോട്ടില്‍ ആർട്ടും നൃത്തവും പാചകവുമൊക്കെയായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയത്. എന്നാല്‍ ലോക്ക് ഡൗൺ കാലം ഫലപ്രദമായ രീതിയില്‍ ചെലവഴിക്കുകയാണ് തൃശൂരിലെ ഒരു കുടുംബം. ചിലയിടങ്ങളിൽ ഇക്കാലയളവിൽ സ്വന്തം അധ്വാനം കൊണ്ട് കിണർ കുഴിച്ച വാർത്തയാണ് ഈ കുടുംബത്തെയും പ്രചോദിപ്പിച്ചത്. കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് പള്ളത്ത് കാട് പാറക്കൽ സിബിയും കുടുംബവും വീട്ടു വളപ്പില്‍ കിണർ കുഴിച്ചു. ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശമാണ് പുല്ലൂറ്റ് പള്ളത്തുകാട്.
ലോക്ക് ഡൗൺ കാലത്ത് വീട്ടുവളപ്പില്‍ കിണർ കുഴിച്ച് കുടുംബം - lock down news
ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശമായ പുല്ലൂറ്റ് പള്ളത്തുകാട്ടില്‍ വീട്ടുവളപ്പില്‍ കിണർ കുഴിച്ച് പാറക്കൽ സിബിയും കുടുംബവും
വീട്ടുമുറ്റത്ത് കിണർ കുഴിക്കാൻ സ്ഥലമുണ്ടായിട്ടും പണമില്ലാത്തതിനാല്‍ വിഷമത്തിലായിരുന്നു സിബി. ചെങ്കൽ പ്രദേശമായതിനാൽ കിണർ കുഴിക്കാൻ ഏകദേശം നാല്‍പ്പതിനായിരത്തില്‍ അധികം രൂപ വേണം. വീടു നിർമാണം പാതിവഴിയിൽ ആയതിനാല്‍ കിണറിന് ഇത്രയും രൂപ ചിലവഴിക്കാന്‍ സിബിക്ക് കഴിഞ്ഞില്ല. ലോക്ക് ഡൗണിനെ തുടർന്ന് പണിയില്ലാതെ വീട്ടിലിരുന്ന മെക്കാനിക്കായ സിബി ഒരു പരിശ്രമം എന്ന നിലയിൽ കിണർ കുഴിക്കാനിറങ്ങുകയായിരുന്നു. കിണറിനുള്ള സ്ഥാനം നോക്കാൻ വന്ന ആളിൽ നിന്നു തന്നെ കിണറിന്‍റെ വ്യാസമൊക്കെ സിബി ചോദിച്ച് മനസിലാക്കി. പാറ തോൽക്കുന്ന മണ്ണിനോട് മല്ലടിക്കാൻ തുടങ്ങി. 21 ദിവസം നീണ്ട അധ്വാനത്തിനൊടുവിൽ ഏഴ് കോൽ താഴ്ച്ചയിൽ വെള്ളം കണ്ടു. രാവിലെ ആറ് മണി മുതൽ പകൽ മുഴുവൻ നീണ്ട കിണർ നിർമാണത്തിന് ഭാര്യ ശ്രുതിയും നാലാം ക്ലാസ്സുകാരനായ മൂത്ത മകൻ ആയുഷും ഒപ്പമുണ്ടായിരുന്നു.