തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിൽ പിഴവെന്ന് വിദഗ്‌ധ സമിതിയുടെ കണ്ടെത്തൽ. പ്രശ്‌നം പരിഹരിക്കും വരെ ടോൾ ഗേറ്റുകൾ തുറന്നു കൊടുക്കാൻ ജില്ല കലക്ടർ ശുപാർശ ചെയ്തു. കലക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദേശീയ പാത അതോറിറ്റി ഉടൻ തീരുമാനമെടുക്കും. തൃശൂർ ജില്ല കലക്ടർ എസ് ഷാനവാസിന്‍റെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്‌ധർ ഉൾപ്പെട്ട സംഘമാണ് പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് പരിശോധന നടത്തിയത്.
പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിൽ പിഴവ്
പ്രശ്‌നം പരിഹരിക്കും വരെ ടോൾ ഗേറ്റുകൾ തുറന്നു കൊടുക്കാൻ ജില്ല കലക്ടർ ശുപാർശ ചെയ്തു
ടോൾ പ്ലാസയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്ര സാധ്യമാകാത്ത തരത്തിലുള്ള ഗതാഗത നിയന്ത്രണം പാടില്ല. മണിക്കൂറുകളോളം വാഹനങ്ങൾ കാത്തുനില്‍ക്കേണ്ട അവസ്ഥയും റോഡുകളുടെ ശോചനീയാവസ്ഥയും മാറ്റേണ്ടതുണ്ട്. ഫാസ് ടാഗ് പോലുള്ള സംവിധാനങ്ങൾ നടപ്പിൽ വരുത്തുമ്പോൾ അതിൽ സുതാര്യത ആവശ്യമാണെന്നും ജില്ല കലക്ടർ വ്യക്തമാക്കി. ഓരോ ടോൾ ഗേറ്റിലേയും ഫാസ് ടാഗ് സംവിധാനം പരിശോധിച്ച സംഘം ഫാസ് ടാഗ് റീഡിങ് മെഷീൻ ഉപയോഗിച്ച് വാഹനങ്ങൾ കടന്നു പോകുന്നത് രേഖപ്പെടുത്താൻ ഏറെ സമയം എടുക്കുന്നതിനാൽ ഗതാഗത തിരക്കിന് ഇടയാക്കുന്നതായി കണ്ടെത്തി. ഫാസ് ടാഗ് സംവിധാനം നിലവിൽ വന്നാൽ ഒരു വാഹനം കടന്നു പോകാൻ സെക്കന്‍റുകൾ മതിയെന്നായിരുന്നു ടോൾ പ്ലാസ അധികൃതരുടെ അവകാശവാദം. എന്നാൽ പാലിയേക്കര ടോൾ പ്ലാസയിൽ ഒട്ടുമിക്ക ഗേറ്റുകളിലും ഫാസ് ടാഗ് സംവിധാനം നിലവില്‍ വന്നിട്ടും ഓട്ടോമാറ്റിക് റീഡിങ് സംവിധാനം പലപ്പോഴും തകരാറിൽ ആവുകയും മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാവുകയും ചെയ്തു. തുടർച്ചയായി ഈ വിഷയത്തിൽ ജനങ്ങളുടെ പരാതി ഉയർന്നതിനെ തുടർന്നാണ് ജില്ലാ കലക്ടർ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ അടങ്ങിയ സംഘം പരിശോധന നടത്തിയത്.