തൃശൂർ:എസ്എസ്എൽസി, ഹയർ സെക്കന്‍ററി, വൊക്കേഷനൽ ഹയർ സെക്കന്‍ററി പരീക്ഷകൾക്കുള്ള ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ തുടങ്ങുന്ന പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സമഗ്രശിക്ഷാ കേരളം എന്നിവയുടെ നേതൃത്വത്തിലാണു പൂർത്തിയാക്കിയത്. ജില്ലയിൽ 1,00,090 വിദ്യാർഥികളാണു ഇത്തവണ പരീക്ഷകൾ എഴുതുന്നത്.സ്കൂളുകളിലെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികളെ ഫോണിൽ വിളിച്ചു പരീക്ഷയ്ക്ക് എത്തുന്നത് ഉറപ്പാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ അതതു ജില്ലകളിൽ നടത്തിയിട്ടുണ്ട്.
ജില്ലയിൽ പരീക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി
ജില്ലയിൽ 1,00,090 വിദ്യാർഥികളാണു ഇത്തവണ പരീക്ഷകൾ എഴുതുന്നത്.
പട്ടികവർഗ മേഖലയിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ വേണ്ട സഹായങ്ങൾ ചെയ്യുന്നതിനു ജില്ലാ ട്രൈബൽ ഓഫിസറെ ചുമതലപ്പെടുത്തി. പരീക്ഷ എഴുതുന്ന കുട്ടികളുടെ താപനില പരിശോധിക്കാൻ തെർമൽ സ്കാനർ സ്കൂളിൽ എത്തിക്കാനുള്ള നടപടികൾ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്. പരീക്ഷ ഹാളുകൾ, ഫർണിച്ചറുകൾ, സ്കൂൾ പരിസരം എന്നിവ അഗ്നിരക്ഷാ സേന അണുവിമുക്തമാക്കിയിട്ടുണ്ട്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്ന വിധത്തിലാണ് അധ്യാപകർ പരീക്ഷ ഹാൾ സജ്ജീകരിച്ചിരിക്കുന്നത്.
വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലേക്കു കടന്നുവരുന്നതിനു മുന്നോടിയായി കവാടത്തിൽ തന്നെ സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണം നടത്തുന്നതിനു വേണ്ടി എല്ലാ സ്കുളുകൾക്കും ആവശ്യമായ സാനിറ്റൈസറുകൾ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിതരണം ചെയ്തിട്ടുണ്ട്.തെർമൽ സ്കാനർ ഉപയോഗിച്ചു താപനില പരിശോധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 5,40,000 മാസ്‌കുകളും സാനിറ്റൈസറുകളും ജില്ലാ പഞ്ചായത്ത് സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിൽ എല്ലാ വിദ്യാർഥികൾക്കും പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിനു യാത്രാസൗകൗര്യം ഏർപ്പെടുത്തുന്നതിനുമായി ജില്ലയില്‍ നാളെ മുതല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.