തൃശ്ശൂർ: വിയ്യൂർ ജയിലിലെ കൊവിഡ് സെന്‍ററിൽ റിമാൻഡിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ നാലു ജീവനക്കാർക്കെതിരെ കേസ്. കഞ്ചാവ് കേസിലെ പ്രതിയായിരുന്ന ഷെമീറാണ് മരിച്ചത്. ഷെമീറിനെ ജീവനക്കാർ മർദ്ദിക്കുന്നത് കണ്ടതായി ഭാര്യയും ഇതേ കേസിലെ പ്രതിയുമായ സുമി മൊഴി നൽകിയിട്ടുണ്ട്. തലക്കേറ്റ ക്ഷതവും ശരീരത്തിലേറ്റ നാൽപ്പതിലേറേ മുറിവുകളും മരണ കാരണമായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കൊവിഡ് സെന്‍ററിലെ നാല് ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. തൃശൂർ അസിസ്റ്റന്‍റ് കമ്മിഷണർക്കാണ് അന്വേഷണ ചുമതല.
റിമാന്‍ഡിലിരിക്കെ പ്രതി മരിച്ച സംഭവം: നാലു ജീവനക്കാർക്കെതിരെ കേസ്
കഞ്ചാവ് കേസിലെ പ്രതിയായിരുന്ന ഷെമീറാണ് മരിച്ചത്. ഷെമീറിനെ ജീവനക്കാർ മർദ്ദിക്കുന്നത് കണ്ടതായി ഭാര്യയും ഇതേ കേസിലെ പ്രതിയുമായ സുമി മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം 29 നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയേയും മറ്റ് രണ്ട് പേരെയും തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും പൊലീസ് പിടികൂടുന്നത്. സെപ്‌തംബർ 30 ന് ഷെമീറിനെ അപസ്‌മാരബാധയെ തുടർന്ന് തൃശൂർ ജനൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കവേ ജയിൽ ജീവനക്കാർ മർദ്ദിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. അന്ന് രാത്രി തന്നെ ഷമീറിനെ അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ശരീരം മുഴുവൻ അടിയേറ്റ പാടുകളുള്ളതിനാൽ സർജിക്കൽ വാർഡിലേക്ക് മാറ്റിയെങ്കിലും അടുത്ത ദിവസം മരണപ്പെടുകയായിരുന്നു.