തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ മുഖ്യമന്ത്രിക്കും മന്ത്രി എ.സി മൊയ്‌തീനുമെതിരെ പൊലീസിൽ പരാതി നൽകി അനിൽ അക്കര എംഎൽഎ. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ സർക്കാരിന് ലഭിക്കേണ്ട ഒമ്പത് കോടിയോളം രൂപ തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
ലൈഫ് മിഷൻ; മുഖ്യമന്ത്രിക്കും എ.സി മൊയ്‌തീനുമെതിരെ പരാതി നൽകി അനിൽ അക്കര
പദ്ധതിയുമായി ബന്ധപ്പെട്ട് ഒൻപത് കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ തുടങ്ങി 10 പേരെ പ്രതികളാക്കിയാണ് പരാതി നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും താൻ രേഖാമൂലം ചോദിച്ചിട്ടും രേഖകൾ നൽകിയില്ല. സ്വന്തം മണ്ഡലത്തിൽ ഒൻപത് കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇടപെടാതിരിക്കാനാവില്ല. 24 മണിക്കൂറിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഭരണഘടന സ്ഥാപനങ്ങളെ സമീപിക്കുമെന്നും അനിൽ അക്കര പറഞ്ഞു.