തൃശൂര്‍: ആത്മബന്ധത്തിന്‍റെ കഥ പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രകാരനും ഹിമാലയൻ യാത്രികനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന്‍റെ തൃശൂരിലെ വസതിയിലെത്തി. വിദ്യാഭ്യാസ വകുപ്പിൽ ഡിഡിഇ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിനെ സന്ദർശിച്ച മുഖ്യമന്ത്രി തന്‍റെ സ്‌കൂൾ പഠന കാലത്തെ ഓർമ്മകൾ പങ്കുവച്ചു. വൈകീട്ട് അഞ്ചോടെയാണ് മുഖ്യമന്ത്രി ചിത്രൻ നമ്പൂതിരിപ്പാടിന്‍റെ വീട്ടിലെത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനം ഉണ്ടെന്നതിനാൽ മൂന്നുമണി മുതൽ തന്നെ വീട്ടിൽ ബന്ധുക്കളും അയൽക്കാരുമൊക്കെ നിറഞ്ഞു. മക്കളായ കൃഷ്ണൻ, അനുജൻ, ഉഷ, ഗൗരി, മരുമക്കളായ ഡോ. ഹരിദാസ്, അഷ്ടമൂർത്തി, പേരക്കുട്ടിയായ ചിത്രൻ, ചിത്രഭാനു, പ്രപൗത്രൻ അജൽ എന്നിവരും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
ആത്മബന്ധത്തിന്‍റെ കഥ പറഞ്ഞ് മുഖ്യമന്ത്രി; കൂടിക്കാഴ്ചയിൽ മനംനിറഞ്ഞ് ചിത്രൻ നമ്പൂതിരിപ്പാട്
വിദ്യാഭ്യാസ വകുപ്പിൽ ഡിഡിഇ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിനെ സന്ദർശിച്ച മുഖ്യമന്ത്രി തന്‍റെ സ്‌കൂൾ പഠന കാലത്തെ ഓർമ്മകൾ പങ്കുവച്ചു.
പെരളശ്ശേരി സ്‌കൂളിൽ പിണറായി വിജയൻ പഠിക്കുന്ന കാലത്ത് പ്രധാനാധ്യാപിക ക്ലാസിൽ നിന്നും പുറത്താക്കിയതും അപ്പോൾ അന്നത്തെ ഡി ഒ (ഇന്നത്തെ ഡി.ഡി.ഇ) ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് തന്നെ 'രക്ഷിച്ച' കഥയും ചിത്രൻ നമ്പൂതിരിപ്പാടിന്‍റെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഓർത്തെടുത്തു. അന്നത്തെ കെഎസ്എഫിന്‍റെ സജീവ പ്രവർത്തകനായ മുഖ്യമന്ത്രിയെ ന്യായമായ ആവശ്യത്തിനായിരുന്നില്ല, അന്ന് ടീച്ചർ പുറത്താക്കിയതത്രെ. തുടർന്ന് പിണറായിക്ക് ക്ലാസിൽ നിന്നും പുറത്തിറങ്ങി നിൽക്കേണ്ടിവന്നു. പുറത്താക്കിയത് ന്യായമല്ലെന്നു മനസ്സിലായ ചിത്രൻ നമ്പൂതിരിപ്പാട് സ്‌കൂളിനു മുന്നിലുള്ള എകെജി വായനശാലയിൽ പിണറായിയോട് ചെന്നിരിക്കാനും പറഞ്ഞു. ശേഷം സ്‌കൂളിലെത്തിയ അദ്ദേഹം പ്രധാനാധ്യാപികയെ നേരിൽ വിളിച്ച് ശകാരിക്കുകയും പിണറായിയോട് ക്ലാസിൽ ചെന്നിരിക്കാനും പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങൾ തിരക്കിയപ്പോൾ മുഖ്യമന്ത്രിയോട് യാതൊരു കുഴപ്പമില്ലെന്നു പറഞ്ഞ ചിത്രൻ നമ്പൂതിരിപ്പാടിന്‍റെ മറുപടി എല്ലാവരിലും ഉന്മേഷം നിറച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നൽകാനും ചിത്രൻ നമ്പൂതിരിപ്പാട് ഈ അവസരം വിനിയോഗിച്ചപ്പോൾ മുഖ്യമന്ത്രിക്കും സന്തോഷം. ചെക്ക് കൈമാറിയതിനുശേഷം ഹിമാലയ യാത്രയെ കുറിച്ചെഴുതിയ പുണ്യഹിമാലയം എന്ന പുസ്തകവും ചിത്രൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിക്കു കൈമാറി. എത്ര തവണ ഹിമാലയത്തിൽ പോയി എന്നുള്ള ചോദ്യത്തിന് 30 തവണ എന്ന് ചിത്രൻ നമ്പൂതിരിപ്പാട് മറുപടി പറഞ്ഞപ്പോൾ അടുത്ത തവണയും പോകുന്നുണ്ടോ എന്നായി മുഖ്യമന്ത്രി. 'നോക്കാം' എന്ന ചിത്രൻ നമ്പൂതിരിപ്പാടിന്‍റെ മറുപടി എല്ലാവരിലും ചിരി പടർത്തി. ഇനിയും കാണാമെന്ന ഉറപ്പോടെയാണ് ഇരുവരും പിരിഞ്ഞത്.