തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ബന്ധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തെറ്റെന്ന് അനില്‍ അക്കര എംഎല്‍എ. ബില്‍ഡിങ് പെര്‍മിറ്റില്‍ ലൈഫ് മിഷനാണ് ഫ്ലാറ്റ് നിര്‍മിക്കുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ സര്‍ക്കാരിന് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ അനില്‍ അക്കര
വടക്കാഞ്ചേരി നഗരസഭ ഫ്ലാറ്റ് നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയത് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെന്ന് അനില്‍ അക്കര എംഎല്‍എ
യുഎഇ സര്‍ക്കാരിന്‍റെ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്‍റാണ് ഫ്ലാറ്റ് നിര്‍മാണത്തില്‍ മുതല്‍ മുടക്കിയത്. യൂണിടാക്കിനാണ് നിര്‍മാണ കരാറെന്നും സ്ഥലം മാത്രമാണ് സര്‍ക്കാര്‍ കൈമാറിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ 2019 സെപ്‌തംബര്‍ അഞ്ചിന് വടക്കാഞ്ചേരി നഗരസഭ ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാണെന്നും ഇത് എന്തുകൊണ്ട് മുഖ്യമന്ത്രി മറച്ചുവെക്കുന്നുവെന്നും എംഎല്‍എ ചോദിച്ചു. റെഡ് ക്രസന്‍റുമായുള്ള കരാർ പുറത്ത് വിടാൻ മുഖ്യമന്ത്രി തയ്യാറാകണം. ലാവ്‌ലിന് തുല്യമായ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും നിയമപരമായ പോരാട്ടം തുടരുമെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു.