തൃശൂർ: കൊടകരയിൽ നിന്നും തട്ടിയെടുത്തെന്ന് പറയുന്ന കുഴൽപ്പണവുമായി ബിജെപിക്ക് യാതൊരു ബന്ധവുമി ല്ലെന്ന് തൃശൂർ ജില്ല പ്രസിഡന്‍റ് അഡ്വ. കെകെ അനീഷ് കുമാർ. കേസിൽ ബിജെപിയെ കൂട്ടിക്കെട്ടുന്നത് സിപിഎമ്മിന്‍റെ ഗൂഢാലോചനയാണ്. തെരഞ്ഞെടുപ്പ് ഫണ്ട് ബിജെപി നൽകുന്നത് അക്കൗണ്ട് വഴിയാണ്. ഇതിന് കൃത്യമായ കണക്കുണ്ട്. ദുഷ്പ്രചാരണം നടത്തുന്ന സിപിഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അനീഷ് കുമാർ വ്യക്തമാക്കി.
പാർട്ടി നൽകുന്ന പണം കൂടാതെ ബാക്കി ചെലവിനാവശ്യമായ പണം പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്താണ് സമാഹരിക്കുന്നത്. കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരഞ്ഞെടുപ്പ് കമ്മിഷന് നൽകുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉത്തരവാദപ്പെട്ട ഭാരവാഹികളാണ്. വസ്തുതകൾക്ക് വിരുദ്ധമായി ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അനീഷ് കുമാർ ആരോപിച്ചു.
read more: വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി
അതേസമയം കുഴൽപ്പണം ഏത് പാർട്ടിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, ചോദ്യം ചെയ്യൽ നടക്കുന്നതായും ഡിജിപി വിശദീകരിക്കുന്നു. തൃശൂർ എസ്‍പിയുടെ റിപ്പോർട്ടും തെരഞ്ഞെടുപ്പ് കമ്മിഷന് ഡിജിപി കൈമാറിയിട്ടുണ്ട്.