തൃശൂര്‍: തൃശൂര്‍ സ്വദേശി സ്നിജോയുടെയും അനുവിന്‍റെയും വിവാഹം ഈവര്‍ഷം ജനുവരി19നാണ് കഴിഞ്ഞത്. കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ സ്നിജയോ വിട്ട് അനു മരണത്തിന് കീഴടങ്ങി. അവിനാശി ബസപകടത്തില്‍ മരിച്ച അനു ബെംഗ്ലൂരുവിലെ ജോലി സ്ഥലത്ത് നിന്നും അപകടം നടന്ന ബസില്‍ കയറിയത് വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പ്രിയതമന്‍ സ്നിജോയെ യാത്രയാക്കാനാണ്. പക്ഷേ ഭര്‍ത്താവും ബന്ധുക്കളും സുഹൃത്തുക്കളും യാത്രയാക്കിയത് അനുവിന്‍റെ ഭൗതിക ശരീരത്തെ.
ഞായറാഴ്ച വിദേശത്തേക്ക് പോകാനിരുന്ന സ്നിജോയുടെ വീട്ടില്‍ അനുവിന്‍റെ ഭൗതിക ശരീരം വെള്ളപുതച്ച് കിടത്തിയപ്പോള്‍ മധുവിധുവിന്‍റെ മാധുര്യം മാറാത്ത സ്നിജോയുടെ സങ്കടം കണ്ടു നിന്നവര്‍ക്ക് പോലും സഹിക്കാനായില്ല.
മധുവിധു മധുരം മാറും മുമ്പേ സ്‌നിജോയെ തനിച്ചാക്കി അനു യാത്രയായി അനുവിനെ സ്വീകരിക്കാന്‍ പുലര്‍ച്ചെ മൂന്നരക്ക് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ സ്നിജോ അനുവിനെ തുടര്‍ച്ചയായി വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ആശങ്കയോടെ കാത്തു നിന്നെങ്കിലും തന്‍റെ പ്രിയതമ തന്നെ വിട്ടു പോയി എന്ന വാര്‍ത്തയാണ് തേടി വരികയെന്ന് സ്നിജോ ഒരിക്കലും കരുതിയിരുന്നില്ല. പിന്നെയും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫോണെടുത്തയാള്‍ അനുവിന് അപകടം പറ്റിയെന്നും ഉടന്‍ തന്നെ എത്തണമെന്നും അറിയിച്ചു. സ്നിജോ അവിനാശിയിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോഴാണ് അനുവിന്‍റെ വിയോഗം സ്നിജോ അറിയുന്നത്.
അനു ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ സെന്‍ററിൽ ഹാർട്ട് സർജറിയുമായി ബന്ധപ്പെട്ടുള്ള മെഡിക്കൽ കോഡർ വിഭാഗത്തിലായിരുന്നു ജോലി. സ്‌നിജോ ഖത്തറിലാണ് ജോലി ചെയ്യുന്നത്.