തൃശൂർ:മാസത്തില്‍ രണ്ടു തവണയെങ്കിലും ബെംഗ്ലൂരു - തൃശൂര്‍ യാത്ര നടത്തുന്നയാളാണ് മൂന്നുപീടിക സ്വദേശി അഖില്‍. യാത്ര മിക്കപ്പോഴും ബസിന്‍റെ മുന്‍സീറ്റിലായിരിക്കും. കഴിഞ്ഞ ദിവസം അപകടം നടന്ന ബസില്‍ അഖിലുമുണ്ടായിരുന്നു. ബുക്ക് ചെയ്യാന്‍ വൈകിയതിനാല്‍ സീറ്റ് കിട്ടിയത് പിറകില്‍. മുമ്പില്‍ സീറ്റ് കിട്ടാന്‍ ആവുന്നത്ര ശ്രമിച്ചു. ഇതൊക്കെ പറയുമ്പോഴും അഖിലിന്‍റെ മുഖത്ത് അപകടത്തിന്‍റെ ഞെട്ടല്‍ മാറിയിരുന്നില്ല.
മുന്നിലെ സീറ്റ് ചോദിച്ചു, കിട്ടിയത് പിറകിലെ സീറ്റ്; നടുക്കുന്ന ഓര്‍മയുമായി അഖില്‍ - akhil
അവിനാശിയിലെ വൻ ദുരന്തത്തിന്‍റെ ഞെട്ടലിന്‍റെ ഓർമകൾ പങ്കുവെച്ച് അഖിൽ
രാത്രി ഒന്‍പതേകാലിനാണ് അഖില്‍ ബെംഗ്ലുരുവില്‍ നിന്ന് ബസില്‍ കയറിയത്. പുലര്‍ച്ചെ രണ്ടരയ്ക്ക് ഉണര്‍ന്ന് 5.15ന് അലാറാം വെച്ചു. പിന്നെയും ഉറക്കത്തിലേക്ക്. ഉറക്കത്തില്‍ ഞെട്ടി ഉണരുമ്പോള്‍ മുഖത്ത് നിറയെ രക്തം. ആരൊക്കെയോ ഉച്ചത്തില്‍ നില വിളിക്കുന്നു. അതിലൊരാള്‍ എന്‍റെ കാല് പോയേ എന്ന് വിളിച്ചു പറയുന്നു. എന്താണ് സംഭവിച്ചതെന്ന് പിടി കിട്ടുന്നില്ല. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റുന്നില്ല. ശരീരം മുഴുവന്‍ അസഹനീയമായ വേദന. ഇതിനിടയില്‍ ഓടികൂടിയ ആരൊക്കെയോ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എവിടെയാണ് എന്താണ് സംഭവിച്ചതെന്ന് അപ്പോഴും എത്തും പിടിയും കിട്ടുന്നില്ല. പിന്നെയും കുറേ കഴിഞ്ഞാണ് മറ്റൊരു ആശുപത്രിയിലെത്തുന്നത്. അവിടെയെത്തിയപ്പോഴാണ് അത് തിരുപ്പൂര്‍ ജനറല്‍ ആശുപത്രിയാണെന്ന് മനസിലായത്. ഒപ്പം കയറിയ ധാരാളം പേര്‍ അതിനകം തന്നെ അവിടെ എത്തിയിരുന്നു. കുറേ പേര്‍ മരിച്ചുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറയുന്നത് കേട്ടു. പറഞ്ഞ് നിര്‍ത്തുമ്പോള്‍ അഖിലിന്‍റെ കണ്ണ് നിറയുകയായിരുന്നു. അഖിലിന്‍റെ നെറ്റിയില്‍ ഏഴ് തുന്നിക്കെട്ടുകളാണുള്ളത്. ചുണ്ടിലും കഴുത്തിലും കൈക്കും പരിക്കുണ്ട്. ചില്ല് തറച്ച് കയറിയാണ് മുഖത്ത് പരിക്കേറ്റത്.
26വയസുള്ള അഖിലും സഹോദരനും ബെംഗ്ലുരുവില്‍ ഓഡിറ്റിങ് സ്ഥാപനം നടത്തുകയാണ്.