തൃശ്ശൂർ: സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ സ്വയംപര്യാപ്‌തതക്ക് മാതൃകയായ തൃശ്ശൂർ കോർപ്പറേഷൻ ഇലക്‌ട്രിക്കൽ ഡിപ്പാർട്ട്‌മെന്‍റ് സംസ്ഥാനത്ത് ആദ്യമായി വൈദ്യുതി മീറ്റർ റീഡിങ്ങിനായി മൊബൈൽ ആപ്പിക്കേഷൻ സംവിധാനം ഒരുക്കുന്നു. കണ്ണൂർ ആസ്ഥാനമായ ഐ.ടി കമ്പനിയാണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. വീടുകളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി മീറ്ററുകളിൽ ക്യൂആർ കോഡ് പതിപ്പിക്കുകയും മൊബൈൽ ആപ്പ് ഉപയോഗിച്ച് മീറ്റർ റീഡർ സ്‌കാൻ ചെയ്യുമ്പോൾ ഉപഭോക്താവിന്‍റെ വിവരങ്ങൾ മുഴുവൻ ലഭിക്കുകയും ചെയ്യുന്നു. തുടർന്ന് റീഡിങ് രേഖപ്പെടുത്തുമ്പോൾത്തന്നെ വൈദ്യുതി വകുപ്പിന്‍റെ സോഫ്റ്റ് വെയറിലെ ഡേറ്റാ ബേസിലേക്ക് നേരിട്ട് രേഖപ്പെടുത്തും.
വൈദ്യുതി മീറ്റർ റീഡിങിനായി ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ - തൃശ്ശൂർ നഗരസഭ
തൃശ്ശൂർ നഗരസഭ ഇലക്‌ട്രിക്കൽ ഡിപ്പാർട്ട്‌മെന്‍റ് സംസ്ഥാനത്ത് ആദ്യമായി വൈദ്യുതി മീറ്റർ റീഡിങ്ങിനായി മൊബൈൽ ആപ്പിക്കേഷൻ സംവിധാനം ഒരുക്കുന്നു
സമയലാഭത്തിനു പുറമെ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറുകളിലേക്ക് ബില്ല് മെസേജായി അയയ്ക്കുന്ന സംവിധാനവും ഉടൻ നടപ്പാക്കും. പദ്ധതി സർക്കാർ അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്. കോർപ്പറേഷൻ ഇലക്‌ട്രിക്കൽ സോഫ്റ്റ്‌വെയറിന്‍റെ സോഴ്‌സ് കോഡ്, ഡേറ്റാ ബേസ് എന്നിവ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയർ പരിഷ്‌കരിച്ചാണ് റീഡിങ്ങിനായി മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്നത്. നിലവിൽ സംസ്ഥാന വൈദ്യുതി ബോർഡിൽ സ്പോട് ബില്ലിങ് മെഷീൻ (എസ്.ബി.എം) ഉപയോഗിച്ചാണ് മീറ്റർ റീഡിങ് നടത്തുന്നത്. സോഫ്റ്റ്‌വെയർ സംവിധാനം നിലവിൽ വരുന്നതോടെ സ്ഥലത്തില്ലെങ്കിലും ഉപഭോക്താക്കൾക്ക് മെസേജ് ആയും സോഫ്റ്റ്‌വെയർ വഴിയും ബില്ല് ലഭ്യമാകുന്നതോടെ കൂടുതൽ സൗകര്യപ്രദമാകും എന്ന തിരിച്ചറിവിലാണ് കോർപ്പറേഷന്‍റെ തീരുമാനം.
അഞ്ച് ലക്ഷം രൂപ ചെലവിലാണ് ഇത് നടപ്പാക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് ലൈസൻസുള്ള ഏക തദ്ദേശഭരണസ്ഥാപനമാണ് തൃശ്ശൂർ നഗരസഭ. തൃശ്ശൂർ കോർപ്പറേഷൻ ഇലക്‌ട്രിക്കൽ ഡിപ്പാർട്ട്‌മെന്‍റ് (ടി.സി.ഇ.ഡി) എന്നപേരിൽ രൂപീകരിച്ച നഗരസഭാ വൈദ്യുതി വിഭാഗമാണ് കെ.എസ്.ഇ.ബിയിൽ നിന്നും വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നത്.