തൃശ്ശൂര്‍ : അളഗപ്പനഗറില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരിപ്പോട് ഇല്ലിക്കല്‍ അനിരുദ്ധന്‍റെ ഭാര്യ രാധയാണ്(69) മരിച്ചത്. ബുധനാഴ്‌ചയാണ് സംഭവം. ചൊവ്വാഴ്‌ച രാത്രി കൊച്ചുമകള്‍ക്കൊപ്പം കിടന്നുറങ്ങിയ രാധയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. പുതുക്കാട് നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വായയില്‍ തുണി തിരുകിയും കൈകള്‍ ബന്ധിച്ച നിലയിലുമായിരുന്നു മൃതദേഹം.
എന്നാല്‍ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണുള്ള മരണം ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. കൈപ്പത്തികള്‍ ചേര്‍ത്തുള്ളത് സ്വയം കെട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല. സ്വന്തം അടിവസ്ത്രമാണ് വായയിലുള്ളതെന്നും പൊലീസ് പറഞ്ഞു.