തിരുവനന്തപുരം:സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സിക്ക വൈറസ് ബാധിതരുടെ എണ്ണം 15 ആയി. ഇന്ന് സിക്ക സ്ഥിരീകരിച്ചവരില്‍ കൂടുതലും ആരോഗ്യ പ്രവര്‍ത്തകരാണ്. തിരുവനന്തപുരം ജില്ലയിലാണ് വൈറസ് ബാധിതര്‍. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24കാരിയായ ഗര്‍ഭിണിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് സിക്ക വൈറസ് ആണോയെന്ന സംശയത്തെ തുടര്‍ന്നാണ് സാമ്പിൾ എന്‍.ഐ.വി. പൂനയിലേക്ക് അയച്ചത്. കൂടാതെ ഇവരെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകരടക്കം 19 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതില്‍ 15 പേര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
സിക്ക വൈറസിന്‍റെ ലക്ഷണം
പനിയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. രോഗികളില്‍ വൈറസ് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വൈറസ് ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറാം. നിലവില്‍ രോഗം ബാധിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.