തിരുവനന്തപുരം:തലശ്ശേരി ജില്ലാ കോടതിയില്‍ സിക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിലവിൽ 8 സിക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു.
എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ഒക്‌ടോബര്‍ 30ന് ആദ്യ സിക കേസ് റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 31ന് ജില്ലാ മെഡിക്കല്‍ ഓഫിസറും ജില്ലാ ആര്‍ആര്‍ടി സംഘവും പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.
തുടര്‍ന്ന് സംഘം നവംബര്‍ 1, 2, 5 തീയതികളിലും സ്ഥലം സന്ദര്‍ശിച്ചു. നവംബര്‍ ഒന്നിന് ജില്ലാ കോടതിയില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. 55 പേരാണ് അതില്‍ പങ്കെടുത്തത്. 24 സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ രണ്ടിന് കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും വിദഗ്‌ധ മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു. സിക വൈറസ് പരത്തുന്ന കൊതുകിന്‍റെ ഉറവിട നശീകരണത്തിനായി ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവയും നടത്തി. ഉറവിട നശീകരണത്തിന്‍റെ ഭാഗമായി ലാര്‍വ സര്‍വേ നടത്തി.
ഈഡിസ് ലാര്‍വകളെയും കൊതുകുകളേയും ശേഖരിച്ച് സംസ്ഥാന എന്‍റോമോളജി വിഭാഗത്തിലേക്ക് അയച്ചെന്നും കോടതിക്ക് പുറത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ 104 വീടുകള്‍ സന്ദര്‍ശിച്ചെന്നും മന്ത്രി പറഞ്ഞു. ഇതുകൂടാതെ നവംബര്‍ 5ന് ഫോഗിംഗ്, സോഴ്‌സ് റിഡക്ഷന്‍, എന്‍റോമോളജിക്കല്‍ സര്‍വേ എന്നിവയും നടത്തി.
ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേതാണ്. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
കണ്ണൂര്‍ തലശേരിയിലെ ജില്ല കോടതി സമുച്ചയത്തിലെ മൂന്ന് കോടതിയിലെ ജീവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെയാണ് തലശേരിയില്‍ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് കോടതികളിലെ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും രണ്ട് ജഡ്‌ജിമാര്‍ക്കുമാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 30) ഇവരെ പരിശോധനയ്‌ക്ക് വിധേയരാക്കിയിരുന്നു.
തുടർന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ രോഗം ഭേദമായെങ്കിലും ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ചിലരില്‍ രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ കുറയുകയും സന്ധികളില്‍ വേദനയും ചൊറിച്ചിലും കണ്ണില്‍ നിറം മാറ്റം തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.
അഡിഷണല്‍ ജില്ല കോടതി മൂന്ന്, അഡിഷണല്‍ ജില്ല കോടതി രണ്ട്, സബ് കോടതി എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് ശാരീരിക പ്രയാസങ്ങള്‍ ഉണ്ടായത്. രണ്ടാഴ്‌ചയിലേറെയായി തുടര്‍ന്ന ലക്ഷണങ്ങള്‍ ഉണ്ടായതോടെ വൈറസ് ബാധ സംശയമുണ്ടായിരുന്നു. ഇതോടെ സാമ്പിളുകള്‍ ആലപ്പുഴയിലേക്ക് പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു.
READ ALSO:തലശേരിയില്‍ സിക വൈറസ് ബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി