തിരുവനന്തപുരം: രോഗവ്യാപനത്തിനുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിൽ ഉണ്ടെന്നും സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇനിയും രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും വിദഗ്‌ധരുടെ വിലയിരുത്തൽ. കേന്ദ്രസർക്കാരിന്‍റെ സീറോ സർവ്വെയും റീ പ്രൊഡക്ഷന്‍ നമ്പറായ ആര്‍ വാല്യു സംബന്ധിച്ച പഠനവുമാണ് സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകാൻ സാധ്യത ഏറെയാണെന്ന് വെളിപ്പെടുത്തിയത്.
കേരളത്തിലെ 56 ശതമാനം പേർക്ക് രോഗം ബാധിക്കാൻ സാധ്യത
ഒരു സംസ്ഥാനത്ത് എത്ര പേർക്ക് കൊവിഡ് ബാധിച്ചു എന്നത് സംബന്ധിച്ചാണ് ഐസിഎംആറിന്‍റെ സീറോ സർവ്വെ. ജനങ്ങളുടെ ശരീരത്തിലെ വൈറസിനെതിരായ ആന്‍റിബോഡി കണ്ടെത്തിയാണ് സീറോ സർവ്വെ പഠനം നടത്തുന്നത്. കൊവിഡ് ഭേദമായവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലുമാണ് കൊറോണ വൈറസിനെതിരായ ആന്‍റിബോഡി ഉണ്ടാകുക. സീറോ സർവ്വെയിലൂടെ കേരളത്തിലെ 44.4 ശതമാനം പേരുടെ ശരീരത്തിൽ മാത്രമാണ് കൊറോണ വൈറസിനെതിരായ ആന്‍റിബോഡി കണ്ടെത്തിയത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അത്തരം സാഹചര്യത്തിൽ കൊവിഡ് വരാൻ സാധ്യതയുള്ള 56 ശതമാനം ജനസംഖ്യയുള്ള സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളികൾ ചെറുതല്ല. വെല്ലുവിളി നേരിടാന്‍ സംസ്ഥാനത്തിനു മുന്നിലുള്ള ഏക മാര്‍ഗ്ഗം വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുക മാത്രമാണ്.
വാക്‌സിൻ ദൗർലഭ്യം സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 2,13,01,782 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,50,32,333 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 62,69,449 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 42.81 ശതമാനം പേര്‍ക്കാണ് ഒന്നാം ഡോസ് വാക്‌സിൻ നൽകിയത്. 17.86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. വാക്‌സിനേഷന്‍ ഇനിയും വേഗത്തിലാക്കാന്‍ ശേഷിയുള്ള ആരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. എന്നാല്‍ കൂടുതല്‍ വാക്‌സിന്‍ ലഭിക്കണമെന്ന് മാത്രം.
കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് ആർ വാല്യു പഠന റിപ്പോർട്ട്
റീ പ്രൊഡക്ഷന്‍ നമ്പറായ ആര്‍ വാല്യു സംബന്ധിച്ച പഠനം സീറോ സർവ്വെയെക്കാൾ ഗുരുതരമായ സ്ഥിതിയാണ് വ്യക്തമാക്കുന്നത്. ഒരു കൊവിഡ് രോഗിയില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയെന്നതാണ് ആര്‍ വാല്യു പഠനം വ്യക്തമാക്കുന്നത്. കേരളത്തിലെ ആര്‍ വാല്യ കഴിഞ്ഞ ഒരു മാസമായി ഒന്നിനു മുകളിലാണ്. അതായത് സംസ്ഥാനത്ത് ഒരു കൊവിഡ് രോഗിയില്‍ നിന്ന് ഒന്നിലധികം പേര്‍ക്ക് രോഗം പകരുന്നു. ഇത് ഗുരുതരമായ സ്ഥിതിയാണ്.