തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെയും മഹിള മോർച്ചയുടെയും പ്രതിഷേധം സെക്രട്ടേറിയറ്റിൽ. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തതിലൂടെ സ്വർണക്കടത്തടക്കമുള്ള ദേശ വിരുദ്ധ പ്രവർത്തനങ്ങളുടെ ഗൂഢാലോചന മുഖ്യമന്ത്രിയുടെ ഓഫീസാണ് നടത്തുന്നതെന്ന് തെളിഞ്ഞെന്ന് ആരോപിച്ചായിരുന്നു സംഘടനകളുടെ പ്രതിഷേധം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം - gold scam
യുവമോര്‍ച്ച, മഹിളമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് നടയിലെത്തിയത്
രാവിലെ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് ഉദ്ഘാടനം ചെയ്‌തു. മുഖ്യമന്ത്രി രാജി വെക്കുന്നത് വരെ തെരുവിൽ പ്രതിഷേധം തുടരുമെന്നും 144 ലംഘിച്ചതിന് അറസ്റ്റ് ചെയ്യാമെന്നും വി വി രാജേഷ് പറഞ്ഞു.
പിന്നീട് മോർച്ച പ്രവർത്തകരിൽ ചിലർ സെക്രട്ടേറിയറ്റിനുള്ളിലേക്ക് ചാടി കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. എന്നാൽ ഇതിനുശേഷം മഹിളാമോർച്ച പ്രവർത്തകർ കണ്ടോൺമെന്‍റ് ഗേറ്റ് വഴി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിനു മുന്നിലെത്തി പ്രതിഷേധിച്ചു. മഹിളാമോർച്ച പ്രവർത്തകരായ രാഗേന്ദു, ദിവ്യ, പൂജ ശ്രീധർ എന്നിവരാണ് സെക്രട്ടേറിയറ്റിനുള്ളിൽ കടന്ന് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.