തിരുവനന്തപുരം : അരിക്കൊമ്പനെ തിരികെ ഇടുക്കി ചിന്നക്കനാലിൽ എത്തിക്കണമെന്ന ആവശ്യവുമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ കാൽനട യാത്രയുമായി യുവാവ്. തൃശൂർ ചാലക്കുടി സ്വദേശി രേവദാണ് അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന ആവശ്യം ഉയർത്തി വ്യത്യസ്‌തമായ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂൺ 30 ന് കാസർകോട് നിന്ന് ആരംഭിച്ച കാൽനടയാത്ര കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിന് മുൻപിലാണ് സമാപിച്ചത്. നോട്ടുമാലയും പൂമാലയുമിട്ടാണ് സെക്രട്ടറിയേറ്റിന് മുൻപിൽ രേവദിനെ അരിക്കൊമ്പൻ ഫാൻസ് സ്വീകരിച്ചത്.
കാല്‍നട യാത്ര ഇങ്ങനെ :അരിക്കൊമ്പനെ മാറ്റുന്നതിന് പകരം ചിന്നക്കനാലിലെ താമസക്കാരെ മാറ്റണമെന്ന വിചിത്രമായ ആവശ്യവും രേവദ് ഉയർത്തുന്നു. ഇടുക്കിയിൽ നിരവധി പുറമ്പോക്ക് ഭൂമിയുണ്ട്. അവിടെ ഫ്ലാറ്റുകൾ കെട്ടി ചിന്നക്കനാൽ നിവാസികളെ മാറ്റണമെന്ന് രേവദ് പറയുന്നു. അരിക്കൊമ്പന്‍റെ ആനത്താരയിലല്ല വീടുകൾ വയ്‌ക്കേണ്ടതെന്നും രേവദ് പറയുന്നു. ഇന്നലെ യാത്ര അവസാനിപ്പിച്ച രേവദ് കന്യാകുമാരിയിലേക്കാണ് ഇനി പോവുന്നത്. കന്യാകുമാരി കലക്ടറെ കണ്ട് അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനാണ് തീരുമാനം. പോവുന്നതിന് മുൻപ് വനം മന്ത്രി എ കെ ശശീന്ദ്രനെ കണ്ടും നിവേദനം നൽകും. കാൽനട യാത്രയിൽ ഉടനീളം അരിക്കൊമ്പൻ പ്രേമികൾ തനിക്ക് സ്വീകരണം ഒരുക്കിയെന്നും രേവദ് പറയുന്നു.
മിഷന്‍ അരിക്കൊമ്പന്‍ തിരിഞ്ഞുനോട്ടം :അരിക്കൊമ്പനെ ഏപ്രില്‍ 29 നാണ് കേരള വനംവകുപ്പ് പിടികൂടി തമിഴ്‌നാട് അതിർത്തിയിലെ പെരിയാർ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്. അവിടെ നിന്ന് കാടിറങ്ങി അതിർത്തി കടന്ന അരിക്കൊമ്പൻ തമിഴ്‌നാട്ടിലെത്തി കമ്പം ടൗണില്‍ ഭീതി സൃഷ്‌ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി വീണ്ടും ഉൾക്കാട്ടിലേക്ക് മാറ്റിയത്.