തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പൂവാർ പുത്തൻകടയിൽ രാജന്‍റെ മകൾ രാഖി മോളുടെ( 30) മൃതദേഹമാണ് തട്ടാന്‍മുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്‍റെ വീടിന് പുറകിലെ പുരയിടത്തിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നല്‍കിയ പരാതിയെ തുടര്‍ന്ന് രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന രാഖി അഖിലിനെ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ - murder
പൂവ്വാര്‍ സ്വദേശി രാഖിമോളെയാണ് കൊന്ന് കുഴിച്ചുമൂടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണമാരംഭിച്ചു
കൊലപാതകത്തെ കുറിച്ച് പൊലീസ് നല്‍കുന്ന പ്രാഥമിക നിഗമനം ഇങ്ങനെ:
"മിസ്‌ഡ് കോളിലൂടെയാണ് രാഖി അഖിലുമായി പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്‍റെ വിവാഹം ഉറപ്പിച്ചതോടെ അഖില്‍ രാഖിയുമായി അകലുകയും ചെയ്‌തു. അഖിലിന്‍റെ വിവാഹത്തെ എതിർത്ത രാഖി അഖിലിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഈ വിവരം അഖിലിന്‍റെ വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടിയെ വകവരുത്താൻ നിശ്ചയിക്കുകയായിരുന്നു. കഴിഞ്ഞ 21ന് കാറിൽ കൂട്ടിക്കൊണ്ടുവന്ന രാഖിയെ കൊലപ്പെടുത്തിയ ശേഷം അഖിലിന് പുതുതായി പണിയുന്ന വീടിന് പുറകിൽ കുഴിച്ചിടുകയായിരുന്നു."
അഖിലിന്‍റെ സഹോദരൻ രാഹുൽ, അയൽവാസിയും സുഹൃത്തുമായ ആദർശ് എന്നിവരാണ് കൊലപാതകത്തിന് പുറകിലെന്ന് പൊലീസ് സംശയിക്കുന്നു. ഫോറൻസിക് പരിശോധനകൾ പൂർത്തിയായാല്‍ മാത്രമേ പൂര്‍ണവിവരങ്ങൾ ലഭ്യമാകൂവെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി അനിൽകുമാര്‍ പറഞ്ഞു. എംഎൽഎ സി കെ ഹരീന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.