കേരളം

kerala

ETV Bharat / state

മന്ത്രിമാർക്കെതിരായ പ്രതിഷേധം തെരുവുയുദ്ധമാകുന്നു; ലാത്തിച്ചാർജും ജലപീരങ്കിയും ഗ്രനേഡും

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

By

Published : Sep 15, 2020, 2:22 PM IST

രാജി
രാജി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഷാഫി പറമ്പിൽ എംഎൽഎയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്ന പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളുമായി. ഇതിന് പിന്നാലെയാണ് പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചത്.

യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ വീണ്ടും പ്രതിഷേധം തുടർന്നു. ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടർന്നു. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് സമീപം കണ്ണീർ വാതക ഷെൽ വീണത് സംഘർഷം രൂക്ഷമാക്കി. തുടർന്ന് ഷാഫി പറമ്പിൽ, ശബരിനാഥൻ തുടങ്ങിയ എംഎൽഎമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇതിനുശേഷവും സംഘടിച്ച പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് നടത്തി പിരിച്ചുവിട്ടു. ഇതോടെയാണ് മണിക്കൂറോളം നീണ്ടുനിന്ന തെരുവ് യുദ്ധത്തിന് അയവ് വന്നത്. സംസ്ഥാന സർക്കാരിനെതിരെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെയും രൂക്ഷമായ വിമർശനമാണ് ഷാഫി പറമ്പിൽ ഉന്നയിച്ചത്. സംസ്ഥാന സർക്കാർ അധോലോകങ്ങളുടെ സർക്കാരായി മാറിയെന്ന് ഷാഫി ആരോപിച്ചു. അന്വേഷണ പരിധിയിൽ വി. മുരളീധരനെ ഉൾപ്പെടുത്തണം. ബിജെപി സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തുന്നത് മുരളീധരനെ സംരക്ഷിക്കാനാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

ABOUT THE AUTHOR

...view details