തിരുവനന്തപുരം:വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിലെ യാത്രക്കാരനായ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് അടിക്കുകയും കഴുത്തിനു കുത്തിപ്പിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഡി.ജി.പിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന് ജേക്കബാണ് പരാതി നല്‍കിയത്.
തിങ്കളാഴ്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സിന് മജീദ്, നവീന്‍കുമാര്‍ എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍.
പരാതി ഇങ്ങനെ: ഇരുവരും തിരുവനന്തപുരത്ത് വിമാനത്തില്‍ നിന്നിറങ്ങാന്‍ ശ്രമിക്കവേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ജയരാജന് പ്രവര്‍ത്തകരെ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. ശേഷം ശക്തിയായി പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് ഇരുവരും സീറ്റിലേക്കും പിന്നീട് പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചും വീണു. ജയരാജന്റെ പ്രവൃത്തിയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കഠിനമായി മര്‍ദനം ഏല്ക്കുകയും ഇരുവരുടെയും തലയ്ക്കും കഴുത്തിനും നെഞ്ചിനും പരിക്ക് ഏല്ക്കുകയും ചെയ്തു.