നടുറോഡിൽ യുവാവിന് ക്രൂരമർദ്ദനം: പൊലീസിനെതിരെ ആരോപണവുമായി അമ്മ - ഒന്നാം പ്രതിയെ നിസാര വകുപ്പ് ചുമത്തി വിട്ടയച്ചുവെന്ന് മര്‍ദ്ദനമേറ്റ യുവാവിന്‍റെ അമ്മ
നിസാര വകുപ്പുകൾ മാത്രം ചുമത്തി തന്‍റെ മുന്നില്‍ വച്ചുതന്നെ ഒന്നാം പ്രതി ഷിബുവിനെ ജാമ്യത്തിൽ വിട്ടയച്ചുവെന്നും മകൻ മരിച്ചിരുന്നെങ്കില്‍ മാത്രമേ കേസെടുക്കാൻ കഴിയുകയുള്ളുവെന്നും പൊലീസ് പറഞ്ഞെന്നും അമ്മ ഉഷ
തിരുവനന്തപുരം: പോത്തൻകോട് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചുമത്തിയതെന്ന് മര്‍ദ്ദനത്തിനിരയായ അനൂപിന്‍റെ അമ്മ. നിസാര വകുപ്പുകൾ മാത്രം ചുമത്തി അമ്മയുടെ മുന്നില്‍ വച്ചുതന്നെ ഒന്നാം പ്രതി ഷിബുവിനെ സ്റ്റേഷൻ ജാമ്യത്തിൽ പോത്തൻകോട് പൊലീസ് വിട്ടയച്ചുവെന്നും അമ്മ ഉഷ പറഞ്ഞു. മകൻ മരണപ്പെട്ടിരുന്നുവെങ്കില്‍ മാത്രമേ കേസെടുക്കാൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറഞ്ഞതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. വധശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് ആദ്യം കേസെടുത്ത പോത്തൻകോട് പൊലീസ് പിന്നീട് സമ്മർദ്ദങ്ങൾക്ക് വഴങ്ങി സ്റ്റേഷൻ ജാമ്യം കിട്ടുന്ന നിസാര വകുപ്പ് ചുമത്തിയെന്നാണ് ആരോപണം. പ്രതിയെ വിട്ടയച്ചതില്‍ അനൂപിന്‍റെ അമ്മ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. മകനെ തല്ലിച്ചതച്ചവര്‍ക്കെതിരെ മതിയായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്നും അമ്മ പറഞ്ഞു.