തിരുവനന്തപുരം :വിഴിഞ്ഞം (Vizhinjam) മുക്കോലയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി കിണറിനുള്ളിൽ അകപ്പെട്ട സംഭവത്തിൽ ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം താത്‌കാലികമായി നിർത്തി. 24 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം നിർത്തിവച്ചത്. ഇന്നലെ (ജൂലൈ 08) രാവിലെ ആയിരുന്നു കിണർ ഇടിഞ്ഞ് തമിഴ്‌നാട് (TamilNadu) സ്വദേശി മഹാരാജൻ (55) ഉള്ളില്‍ അകപ്പെട്ടത്.
നിലവില്‍ കൂടുതൽ ഉപകരണങ്ങൾ സ്ഥലത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് രക്ഷാപ്രവർത്തനം താത്‌കാലികമായി നിർത്തിയത്. കയര്‍ കെട്ടി കിണറിലേക്ക് ഇറങ്ങിയായിരുന്നു ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനം. എന്നാൽ, മഴ പെയ്‌ത ശേഷം കിണർ വീണ്ടും ഇടിഞ്ഞ് വീഴാൻ സാധ്യത ഉണ്ടെന്ന വിലയിരുത്തലില്‍ ആണ് മണ്ണ് മാറ്റാൻ കൂടുതല്‍ ഉപകരണങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചത്.
ഇന്നലെ (ജൂലൈ 08) രാവിലെ ഒന്‍പതരയോടെ ആയിരുന്നു സംഭവം. വീട്ടുകാരാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ രാവിലെ 10 മണിയോടെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
90 അടി താഴ്‌ചയുള്ള കിണറിലാണ് മഹാരാജൻ അകപ്പെട്ടത്. തമിഴ്‌നാട് പാർവതീപുരം സ്വദേശിയാണ്. ഏകദേശം 16 വർഷത്തോളമായി വിഴിഞ്ഞത്താണ് ഇയാൾ താമസിച്ച് വരുന്നത്.
വേങ്ങാന്നൂര്‍ മുക്കോല ചോട്ടുകോണം റോഡ് അശ്വതിയിൽ സുകുമാരന്‍റെ വീട്ടിലെ കിണറിൽ പഴയ കോൺക്രീറ്റ് ഉറയുടെ മുകളിലേക്ക് പുതിയ ഉറകൾ സ്ഥാപിക്കുന്ന ജോലിക്കിടെയാണ് അപകടം നടന്നത്. കിണറിൽ നേരത്തെ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് അടിത്തട്ടിൽ നിന്ന് മുകളിലേക്കുള്ള ഉറകൾ മാറ്റി സ്ഥാപിച്ചുവരികയായിരുന്നു. കിണറിന്‍റെ അടിത്തട്ടിൽ ഉണ്ടായിരുന്ന മണ്ണ് നീക്കാനും അവിടെ സ്ഥാപിച്ചിരുന്ന പമ്പ് തിരിച്ചെടുക്കാനുമായിരുന്നു മഹാരാജൻ കിണറ്റിൽ ഇറങ്ങിയത്.