തിരുവനന്തപുരം:പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെട്ടിലാക്കി അധ്യാപികയായ യുവതിയുടെ ലൈംഗിക പീഡന പരാതി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് വിവാഹ വാഗ്‌ദാനം നല്‍കി എല്‍ദോസ് കുന്നപ്പള്ളി പല തവണ പീഡിപ്പിച്ചതായി അധ്യാപിക കൂടിയായ എറണാകുളം സ്വദേശിനി ആരോപിച്ചു. എംഎല്‍എ തന്നെ മര്‍ദിച്ചു എന്നു കാട്ടി യുവതി നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഈ പരാതിക്കു പിന്നാലെ യുവതിയെ കാണാനില്ലെന്നു കാട്ടി യുവതിയുടെ സുഹൃത്ത് വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കണ്ടെത്തി. ശേഷം, യുവതിയെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.
മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഗുരുതര ആരോപണം യുവതി ഉന്നയിച്ചത്. ലൈംഗിക പീഡനം യുവതി ഉന്നയിച്ച പശ്ചാത്തലത്തില്‍ എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ടിവരുമെന്ന് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബര്‍ 14ന് കോവളത്തു വച്ച് എംഎല്‍എ തന്നെ മര്‍ദിച്ചു എന്നാരോപിച്ച് യുവതി സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന് പരാതി നല്‍കിയിരുന്നു.
ഈ പരാതി കമ്മിഷണര്‍ കോവളം പൊലീസിനു കൈമാറി. കോവളം പൊലീസ് യുവതിയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും താന്‍ വരുന്നില്ലെന്നും തനിക്ക് പരാതിയില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. പിന്നാലെ യുവതിയെ കാണാതാകുകയായിരുന്നു. കാണാതായവരെ 24 മണിക്കൂറിനകം കണ്ടെത്തി കേരള പൊലീസ് ആക്‌ട് 57 അനുസരിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്.
ഇത്തരത്തില്‍ ഹാജരാക്കുമ്പോള്‍ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തും. മജിസ്‌ട്രേറ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തിയ മൊഴിയിലാണ് ലൈംഗിക പീഡന ആരോപണം യുവതി ഉന്നയിച്ചത്. എംഎല്‍എയ്‌ക്കെതിരായ പരാതിയിന്‍മേല്‍ കോവളം പൊലീസ് യുവതിയെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുകയാണ്.