തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതിക്ക് നേരെ പീഡന ശ്രമമുണ്ടായത്. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രഞ്ജിത്ത് യുവതിക്ക് നേരെ മോശമായി പെരുമാറിയത്. പല തവണ ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയതായാണ് പരാതി. സംഭവത്തിന് പിന്നാലെ യുവതി സ്വന്തം ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് യുവതിയുടെ ബന്ധുക്കൾ ബസിനെ പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
രാത്രി 10.30 യോടെ വഴിമുക്ക് ജംഗ്ഷനടുത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ബന്ധുക്കൾ തന്നെ രഞ്ജിത്തിനെ നെയ്യാറ്റിന്‍കര പൊലീസിന് കൈമാറുകയായിരുന്നു. നെയ്യാറ്റിന്‍കര പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
അതേസമയം കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം സമീപ കാലത്ത് വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ട്. അടുത്തിടെ കൊച്ചിയില്‍ നഗ്നത പ്രദര്‍ശനം നടത്തിയ ആക്രമിയെ കണ്ടക്‌ടര്‍ ഓടിച്ചിട്ട് പിടിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
തുടർക്കഥയായി ബസിലെ ആക്രമണം: കോഴിക്കോട് സ്വദേശി സവാദാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്‌ച രാവിലെ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം. അങ്കമാലിയില്‍ വച്ച് ബസില്‍ കയറിയ സവാദ് യുവതിയുടെ തൊട്ടടുത്ത സീറ്റിലിരിക്കുകയും പരിചയപ്പെടുകയും ചെയ്‌തു.
തുടര്‍ന്ന് യുവതിയെ സ്‌പര്‍ശിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ബഹളംവച്ചതോടെ ബസിലെ കണ്ടക്‌ടര്‍ വിഷയത്തില്‍ ഇടപെട്ടു. എന്നാൽ അക്രമി ബസില്‍ നിന്നും ചാടിയിറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് കണ്ടക്‌ടര്‍ പ്രദീപ് ഇയാളെ തടഞ്ഞ് നിർത്തിയെങ്കിലും പ്രദീപിനെ തട്ടി മാറ്റി ഇയാൾ ഓടി മാറുകയായിരുന്നു.